എൽഡിഎഫ് വനിതാ സ്ഥാനാർത്ഥിയെ വെൽഫെയർ പാർട്ടി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് പരാതി; പൊലീസ് കേസ്

Published : Nov 24, 2025, 11:34 AM IST
jaseedha kc

Synopsis

പത്തൊൻപതാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ജസീദ കെസിയെ ആണ് ഭീഷണിപ്പെടുത്തിയത്. പത്രിക പിൻവലിക്കണമെന്നും അല്ലെങ്കിൽ ബുദ്ധിമുട്ടുണ്ടാവുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്. കാറിൽ വീട്ടിലെത്തിയ രണ്ടംഗ സംഘമാണ് ഭീഷണിപ്പെടുത്തിയത്. ഇന്നലെ രാത്രിയിലാണ് ഭീഷണിയുണ്ടായത്.

മലപ്പുറം: കൽപ്പകഞ്ചേരിയിൽ വനിത സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തിയതായി പരാതി. പത്തൊൻപതാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ജസീദ കെസിയെ ആണ് ഭീഷണിപ്പെടുത്തിയത്. പത്രിക പിൻവലിക്കണമെന്നും അല്ലെങ്കിൽ ബുദ്ധിമുട്ടുണ്ടാവുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്. കാറിൽ വീട്ടിലെത്തിയ രണ്ടംഗ സംഘമാണ് ഭീഷണിപ്പെടുത്തിയത്. ഇന്നലെ രാത്രിയിലാണ് ഭീഷണിയുണ്ടായത്. സ്ഥാനാർത്ഥിയുടെ പരാതിയിൽ കല്പകഞ്ചേരി പൊലീസ് കേസ് എടുത്തു. വെൽഫെയർ പാർട്ടി പ്രവർത്തകരാണ് ഭീഷണിപ്പെടുത്തിയതെന്ന് കെസി ജസീത പറഞ്ഞു. എതിർ സ്ഥാനാർത്ഥി വെൽഫെയർ പാർട്ടിയിൽ നിന്നാണ്.

മത്സര ചിത്രം ഇന്ന് തെളിയും

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ മത്സര ചിത്രം ഇന്ന് തെളിയും. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ച ശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. വിമതരുടെയും ഘടകകക്ഷികളുടെയും സ്ഥാനാർത്ഥിത്വങ്ങൾ പിൻവലിക്കുന്നതോടെ മുന്നണികൾക്ക് ആശ്വാസമാകും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക് പ്രകാരം 1,07,211 സ്ഥാനാര്‍ഥികളുടെ പത്രികകളാണ് സ്വീകരിച്ചത്. 1,54,547 പത്രികകളാണ് അംഗീകരിച്ചത്. 2479 പത്രികകള്‍ തള്ളി. തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം ബുധനാഴ്ച തുടങ്ങും.. ബന്ധപ്പെട്ട വരണാധികാരിക്കാണ് അപേക്ഷ നൽകേണ്ടത്. പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലനം ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ ജില്ലകളിൽ നടത്തും.

വിമതശല്യവും വിമതരെ ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കവും

മത്സരചിത്രം തെളിയാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ വിമതരെ ചേർത്ത് നിർത്താനുള്ള തിരക്കിട്ട ശ്രമമാണ് നടക്കുന്നത്. ഓഫറുകൾ പലതും നൽകിയും ഭീഷണി ഉയർത്തിയിമുള്ള നീക്കങ്ങൾ സജീവമാണ്. ചിലർ വഴങ്ങുമെന്ന സൂചനയുണ്ടെങ്കിലും മറ്റ് ചിലർ പാറപോലെ ഉറച്ചുനിൽക്കുകയാണ്. കൊല്ലം കോർപ്പറേഷനിൽ കുരീപ്പുഴയിൽ സീറ്റ് ഫോർവേർഡ് ബ്ലോക്കിന് കൊടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിമതനായ എസ് ഷാനവാസ് പത്രിക നൽകിയത് മുന്നണിയെ വെട്ടിലാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ 9 പഞ്ചായത്തുകളിലെ 19 വാർഡുകളിൽ സി പി ഐ മത്സരിക്കുന്നത് സി പി എമ്മിന് വലിയ തലവേദനയാണ്. വയനാട്ടിൽ റിബൽ ഭീഷണി ഉയർത്തുന്ന യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയലിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ആലപ്പുഴ രാമങ്കരി, മുട്ടാർ പഞ്ചായത്തുകളിൽ സി പി എം- സി പി ഐ പോരും രൂക്ഷമാണ്. അമ്പലപ്പുഴയിൽ കോൺഗ്രസിന് വെല്ലുവിളിയായി ലീഗ് സ്ഥാനാർത്ഥികൾ രംഗത്തുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ വാഴോട്ടുകോണം വാർഡിൽ സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി കെ വി മോഹനൻ അനുനയത്തിന് വഴങ്ങാതെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് ഭീഷണിയായി നിലയുറപ്പിച്ചിട്ടുണ്ട്. പാർട്ടി നടപടി എടുത്ത ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കെ ശ്രീകണ്ഠൻ ഉള്ളൂരിലും ആനി അശോകൻ ചെമ്പഴന്തിയിലും സി പി എമ്മിന് ഭീഷണിയാണ്. പൗണ്ട് കടവിൽ ലീഗ് സ്ഥാനാർത്ഥിക്കെതിരായ കോൺഗ്രസ് റിബലിനെ അനുനയിപ്പിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. പുഞ്ചക്കരിയിൽ ആർ എസ് പി സ്ഥാനാർത്ഥിക്കെതിരെ പത്രിക നൽകിയ മുൻ കൗൺസിലർ കൃഷ്ണവേണിയും പിന്നോട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം