മണ്ഡലകാലം തുടങ്ങാന്‍ രണ്ട് ദിവസം; നിര്‍ണായക വിധി കാത്ത് സര്‍ക്കാരും പ്രതിപക്ഷവും

By Web TeamFirst Published Nov 14, 2019, 6:43 AM IST
Highlights

യുവതീപ്രവേശനം അനുവദിച്ചുള്ള വിധിക്ക് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളെയും സ്വാധീനിച്ച പ്രശ്നമെന്ന നിലയ്ക്ക് സർക്കാരും പ്രതിപക്ഷവും ആകാംക്ഷയിലാണ്. വിധി എന്തായാലും നടപ്പാക്കുമെന്ന് പറയുമ്പോഴും യുവതീപ്രവേശനം ശരിവെച്ചാൽ വീണ്ടും പ്രതിഷേധം അലയടിക്കുമോ എന്ന ആശങ്ക സർക്കാരിനുണ്ട്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിലെ പുന:പരിശോധനാ ഹർജികളിലെ വിധി കാത്തിരിക്കുകയാണ് കേരളം. യുവതീപ്രവേശനത്തെ എതിർക്കുന്നവർക്കും അനുകൂലിക്കുന്നവര്‍ക്കും നിർണ്ണായകമാണ് കോടതി ഉത്തരവ്. വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊലീസ് കൂടുതൽ ജാഗ്രതയിലാണ്.

മണ്ഡലകാലം തുടങ്ങാൻ വെറും രണ്ട് ദിവസം ശേഷിക്കെയാണ് നിർണായകവിധി വരുന്നത്. ഹർജികൾ തള്ളുമോ, അതോ കൂടുതൽ വിശദമായി വാദം കേൾക്കുമോ എന്ന് എല്ലാവരും ഉറ്റുനോക്കുന്നു. രാഷ്ട്രീയ-സാമൂഹ്യരംഗത്ത് വലിയ ചലനങ്ങളാണ് തന്നെ വിധിക്ക് ശേഷം പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ സെപ്റ്റംബർ 28ലെ യുവതീപ്രവേശന വിധിക്ക് ശേഷം വിധിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും എന്ന നിലയിലേക്ക് തന്നെ കേരളം മാറിക്കഴിഞ്ഞിരുന്നു. വിധിക്ക് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളെയും സ്വാധീനിച്ച പ്രശ്നമെന്ന നിലയ്ക്ക് സർക്കാരും പ്രതിപക്ഷവും ആകാംക്ഷയിലാണ്.

വിധി എന്തായാലും നടപ്പാക്കുമെന്ന് പറയുമ്പോഴും യുവതീപ്രവേശനം ശരിവെച്ചാൽ വീണ്ടും പ്രതിഷേധം അലയടിക്കുമോ എന്ന ആശങ്ക സർക്കാരിനുണ്ട്. യുവതീപ്രവേശനം നടപ്പാക്കാൻ സർക്കാർ ആവേശം കാണിച്ചപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഏറ്റുവാങ്ങിയത് വൻതോൽവിയാണ്. പാർട്ടി വിശ്വാസികളെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുമ്പോഴും സർക്കാരിന്‍റെ തലവൻ എന്ന നിലയ്ക്ക് മുൻ നിലപാടിൽ പിന്നോട്ടില്ലെന്ന് പിണറായി വിജയൻ ആവർത്തിക്കുന്നു.

യുവതീപ്രവേശനം ശരിവെച്ചാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സമ്മർദ്ദത്തിലാക്കി വീണ്ടും കോൺഗ്രസ് വിശ്വാസപ്രശ്നം സജീവമാക്കും. ശബരിമല ആളിക്കത്തിച്ച ബിജെപിയുടെ തുടർനിലപാടും പ്രധാനമാണ്. വിധി എതിരായാൽ ആചാരസംരക്ഷണത്തിന് നിയമപരിരക്ഷ എന്ന വാഗ്ദാനം നടപ്പാക്കാൻ പാർട്ടിക്ക് മേൽ സമ്മർദ്ദമേറും. വിധിക്കെതിരെ കടുത്ത നിലപാട് തുടരുന്ന എൻഎസ്എസിന്‍റെയും പന്തളം കൊട്ടാരത്തിന്‍റെയും തുടർനീക്കങ്ങളും നിർണായകമാകുന്നു.  

click me!