ഐഎൻഎൽ സംഘർഷത്തിൽ എൽഡിഎഫിൽ അതൃപ്തി: മന്ത്രി ദേവർകോവിൽ ഒഴികെ ബാക്കി നേതാക്കൾക്കെതിരെ കേസെടുക്കും

By Web TeamFirst Published Jul 25, 2021, 1:28 PM IST
Highlights

അധികാരത്തിലെത്തി മൂന്ന് മാസം തികയും മുൻപേ ഐഎൻഎല്ലിലെ പ്രശ്നങ്ങൾ സർക്കാരിനും മുന്നണിക്കും വലിയ തലവേദനയായി മാറുകയാണ്.

തിരുവനന്തപുരം: സമ്പൂർണ ലോക്ക് ഡൗൺ ദിനത്തിൽ കൊച്ചിയിൽ ഐഎൻഎൽ ഭാരവാഹി യോ​ഗത്തിലുണ്ടായ സംഘ‍ർഷത്തിൽ എൽഡിഎഫിൽ അതൃപ്തിയും അമ‍ർഷവും. തർക്കം തീർക്കാൻ സിപിഎം നിർദേശിച്ച ശേഷവും തെരുവിൽ അടിയുണ്ടാക്കുന്ന രീതിയിൽ ഐഎൻഎല്ലിലെ ഭിന്നത മറനീക്കി പുറത്തു വന്നത് സിപിഎമ്മിൽ അമ‍ർഷം സൃഷ്ടിച്ചിട്ടുണ്ട്. 

നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രം വിജയിച്ച ഐഎൻഎല്ലിന് രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം നൽകിയിരുന്നു. എന്നാൽ അധികാരത്തിലെത്തി മൂന്ന് മാസം തികയും മുൻപേ ഐഎൻഎല്ലിലെ പ്രശ്നങ്ങൾ സർക്കാരിനും മുന്നണിക്കും വലിയ തലവേദനയായി മാറുകയാണ്.

മന്ത്രി ദേവ‍ർകോവിൽ മുന്നണി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും മുസ്ലീം ലീ​ഗുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്നും ആരോപണമുയർന്നിരുന്നു. ഇക്കാര്യത്തിൽ സിപിഎം കോഴിക്കോട് ജില്ലാ ഘടകം തന്നെ പരാതിയുമായി രം​​ഗത്ത് എത്തി. ഇതിനിടെയാണ് എൽഡിഎഫ് സർക്കാർ ഐഎൻഎല്ലിന് അനുവദിച്ച പിഎസ്.സി. അം​ഗത്വം നേതൃത്വം വിറ്റെന്ന ആരോപണം ഉയർന്നത്. 

ഐഎൻഎൽ സംസ്ഥാന അധ്യക്ഷൻ അബ്ദുൾ വഹാബും സെക്രട്ടറി കാസിം ഇരിക്കൂറും തമ്മിലുള്ള അഭിപ്രായ ഭിന്നതക‍ൾക്കിടെയാണ് ഈ ആരോപണം പുറത്തു വന്നത്. ഇങ്ങനെ ഐഎൻഎല്ലിലെ ചേരിപ്പോരും മന്ത്രിയുടെ വഴിവിട്ട പോക്കും കാരണം സിപിഎം നേതൃത്വം പാ‍ർട്ടി നേതാക്കളെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തുകയും പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി നല്ല രീതിയിൽ മുന്നോട്ട് പോകണമെന്ന ക‍ർശന നിർ​ദേശം നൽകുകയും ചെയ്തിരുന്നു. 

ഇങ്ങനെ സിപിഎമ്മിൽ നിന്നും കർശന താക്കീത് ലഭിച്ച ശേഷമാണ് കൊച്ചിയിൽ ഇന്ന് നേതാക്കളും അണികളും ചേരിതിരിഞ്ഞ് തല്ലുന്ന അവസ്ഥയുണ്ടായത്. പുതിയ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ സിപിഎം നേതൃത്വത്തിൽ നിന്നും ഉണ്ടാവും എന്നാണ് സൂചന. നേതാക്കളെയെല്ലാം ഉടനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചേക്കും. 

അബ്ദുൾ വഹാബ് വിഭാ​ഗത്തിന് മറുപടിയുമായി ഇന്ന് വൈകിട്ട് കാസിം ഇരിക്കൂ‍ർ/അഹമ്മദ് ദേവർകോവിൽ വിഭാ​ഗം മാധ്യമങ്ങളെ കാണുന്നുണ്ട്. ഒത്തുതീർപ്പിലേക്കോ അതോ തുറന്ന പോരിലേക്കോ എങ്ങനെയാവും ഐഎൻഎല്ലിലെ കാര്യങ്ങളുടെ പോക്കെന്ന് വാർത്താ സമ്മേളനത്തോടെ വ്യക്തമാവും. പാർട്ടി പിടിച്ചെടുക്കുന്നത് അടക്കമുള്ള വലിയ തർക്കങ്ങളിലേക്കാവും വരും ദിവസങ്ങളിൽ കാര്യങ്ങൾ നീങ്ങുക. അങ്ങനെയൊരു സാഹചര്യത്തിൽ സിപിഎമ്മിൻ്റെ തുടർനിലപാട് വളരെ നിർണായകമാണ്. 

അതേസമയം കൊച്ചിയിൽ ലോക്ക് ഡൗൺ ലംഘിച്ച് ഐഎൻഎൽ നേതാക്കൾ യോ​ഗം ചേരുകയും തെരുവിൽ തമ്മിൽ തല്ലുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുക്കും. നേതൃയോ​ഗത്തിൽ പങ്കെടുത്ത തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവ‍ർകോവിലിനെ ഒഴിവാക്കി കേസെടുക്കാനാണ് നീക്കം. 

കൊവി‍ഡ് മാനദണ്ഡം ലംഘിച്ച് യോഗം സംഘടിപ്പിച്ചതിന് ഐഎൻഎൽ സംസ്ഥാന നേതാക്കൾക്ക് എതിരെ കേസെടുക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്.  എന്നാൽ മന്ത്രിയടക്കം യോഗത്തിൽ പങ്കെടുത്തവർക്കെതിരെയെല്ലാം എതിരെ കേസെടുക്കുമോ എന്ന് വ്യക്തമല്ല. തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്ന് വിശദീകരണം. മന്ത്രി അഹമദ് ദേവർകോവിൽ ഐഎൻഎല്ലിൻ്റെ നേതൃപട്ടികയിലില്ലെന്നാണ് വിവരം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

click me!