പത്മവിഭൂഷൺ പുരസ്കാരം നേടിയ പി നാരായണൻ, ആർഎസ്എസ് പ്രചാരകനായി പൊതുപ്രവർത്തനം ആരംഭിച്ച വ്യക്തിയാണ്. ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറിയായും ജന്മഭൂമി പത്രത്തിന്റെ മുഖ്യപത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആർഎസ്എസ് സംസ്ഥാന സമിതി അംഗമാണ്
തിരുവനന്തപുരം: രാജ്യത്ത് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇത്തവണ നിരവധി മലയാളികളാണ് പട്ടികയിൽ ഉൾപ്പെട്ടത്. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനൊപ്പം പത്മവിഭൂഷൺ പുരസ്കാരത്തിന് അർഹനായ മറ്റൊരു മലയാളിയാണ് പി നാരായണൻ. 90ാം വയസിലെത്തിയപ്പോഴാണ് അദ്ദേഹത്തിന് രാജ്യത്തെ ഏറ്റവും വിശേഷപ്പെട്ട പുരസ്കാരം നൽകി ആദരിക്കുന്നത്. യഥാർത്ഥത്തിൽ ആരാണ് പി നാരായണൻ?
1936 മെയ് 28-ന് അന്നത്തെ തിരുവിതാംകൂർ രാജ്യത്തെ (പിന്നീട് കേരളം) തൊടുപുഴ താലൂക്കിലെ മണക്കാട് ഗ്രാമത്തിൽ ജനിച്ചു. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന അന്തരിച്ച എം.എസ്. പത്മനാഭൻ നായരുടെയും സി കെ ദേവകി അമ്മയുടെയും മകനാണ്. തൊടുപുഴ ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഉപരിപഠനത്തിനായി 1951-ൽ തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ ഇന്റർമീഡിയറ്റിന് ചേർന്നു. കോളേജ് പഠനകാലത്ത് സുഹൃത്ത് വഴി രാഷ്ട്രീയ സ്വയംസേവക് സംഘത്തിലേക്ക് (ആർ.എസ്.എസ്) എത്തുന്നത്. സെക്രട്ടേറിയറ്റിന് സമീപമുള്ള പുത്തൻചന്ത ശാഖയിൽ ചേർന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബി.എസ്സി ഫിസിക്‌സ് പൂർത്തിയാക്കി. 1957-ൽ ബിരുദം നേടിയ ശേഷം കുറച്ചുകാലം സ്വന്തം നാടായ മണക്കാട്ടെ എൻ.എസ്.എസ് ഹൈസ്കൂളിൽ അധ്യാപകനായി ജോലി നോക്കി. പിന്നീട് ആർ.എസ്.എസ് പ്രചാരകനായി ഗുരുവായൂരിലേക്ക് പോയി. ഗുരുവായൂരിന് പുറമെ കണ്ണൂർ, കോട്ടയം ജില്ലകളിൽ പത്തു വർഷത്തോളം ജില്ലാ പ്രചാരകനായി പ്രവർത്തിച്ചു. കണ്ണൂരിലെ പ്രവർത്തനകാലത്ത് കാഞ്ഞങ്ങാട് മുതൽ വടകര വരെയുള്ള (ഇന്നത്തെ മൂന്ന് റവന്യൂ ജില്ലകൾ) മേഖലയുടെ ചുമതല വഹിച്ചു. 1967-ൽ കോഴിക്കോട് വെച്ച് ജനസംഘത്തിന്റെ ദേശീയ സമ്മേളനം നടത്താൻ തീരുമാനിച്ചപ്പോൾ. ഇതിന്റെ സംഘടനാ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ട പ്രചാരകരിൽ ഒരാളായിരുന്നു. കാസർകോട് മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകൾ ഉൾപ്പെട്ട വടക്കൻ കേരള മേഖലയുടെ സെക്രട്ടറിയായി ചുമതലയേറ്റു. പിന്നീട് പി. പരമേശ്വരൻ ജനസംഘം ദേശീയ വൈസ് പ്രസിഡന്റായി മാറിയപ്പോൾ, പി. നാരായണൻ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി.
1959 മുതൽ സംഘത്തിന്റെ ഇംഗ്ലീഷ് മുഖപത്രമായ 'ഓർഗനൈസർ' (Organiser) വാരികയിൽ ലേഖകനായിരുന്നു. 1975ൽ നാരായണന് ജന്മഭൂമിയുടെ മാനേജർ ചുമതല കിട്ടി. എന്നാൽ 1975 ജൂൺ 24-ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ രൂപീകരിച്ച ജനസംഘർഷ സമിതിയുടെ ഭാഗമായി. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായി. മൂന്നു മാസത്തിന് ശേഷം കോടതി വെറുതെവിട്ടു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനസംഘം ജനതാ പാർട്ടിയിൽ ലയിച്ചപ്പോൾ, നാരായണൻ രാഷ്ട്രീയത്തിൽ നിന്ന് മാറി. ജന്മഭൂമി പത്രത്തിന്റെ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിച്ചു. കൊച്ചിയിൽ നിന്ന് പ്രഭാതപത്രമായി പുനരാരംഭിച്ച ജന്മഭൂമിയുടെ പത്രാധിപരായി. വി എം കൊറാത്ത് വിരമിച്ചപ്പോള്‍ 1992 മുതൽ 2000 വരെ അദ്ദേഹം മുഖ്യപത്രാധിപരായി പ്രവർത്തിച്ചു. പിന്നീട് സ്വദേശി ജാഗരൺ മഞ്ചിന്റെ (SJM) സംസ്ഥാന കൺവീനറെന്ന ചുമതല ഏറ്റെടുത്തു. നിലവിൽ സജീവ പ്രവർത്തനങ്ങളിൽ നിന്ന് മാറി ആർ.എസ്.എസ് സംസ്ഥാന സമിതി അംഗമായി തുടരുന്നു.


