പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ച പണം അപഹരിച്ചത് അന്വേഷിക്കണമെന്നും വി കുഞ്ഞി കൃഷ്ണന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസിൻ്റെ പരാതി. ധൻരാജ് രക്തസാക്ഷി ഫണ്ടുൾപ്പെടെ തട്ടിപ്പ് നടത്തിയെന്നാണ് വി കുഞ്ഞികൃഷ്ണൻ്റെ വെളിപ്പെടുത്തൽ. 

കണ്ണൂർ: പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനെതിരെ ഡിജിപിക്ക് പരാതി. യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനനാണ് പരാതി നൽകിയത്. പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ച പണം അപഹരിച്ചത് അന്വേഷിക്കണമെന്നും വി കുഞ്ഞി കൃഷ്ണന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നുമാണ് പരാതിയിലെ ആവശ്യം. ധൻരാജ് രക്തസാക്ഷി ഫണ്ടുൾപ്പെടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ണൂരിലെ നേതാവായ വി കുഞ്ഞികൃഷ്ണൻ്റെ വെളിപ്പെടുത്തൽ.

അതേസമയം, രക്താസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വലിയ വെളിപ്പെടുത്തൽ നടത്തിയ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പാർട്ടി ഫണ്ട് തിരിമറി വിവാദത്തിന് പിന്നാലെ നേതൃത്വവുമായി പരസ്യമായി ഇടഞ്ഞുനിൽക്കുന്ന കുഞ്ഞികൃഷ്ണൻ കടുത്ത അച്ചടക്ക ലംഘനമാണ് കാണിച്ചതെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഈ തീരുമാനം റിപ്പോർട്ട് ചെയ്ത ശേഷം പുറത്താക്കൽ നടപടിയിൽ അന്തിമ തീരുമാനമുണ്ടാകും. പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം പരസ്യമായി വെളിപ്പെടുത്തിയതിൽ കുഞ്ഞികൃഷ്ണനെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംവി ജയരാജനും സൂചന നൽകിയിരുന്നു. ഇരുവരും നേരിട്ട് പങ്കെടുത്ത ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ആരോപണ വിധേയരെ സംരക്ഷിച്ചാണ് പാർട്ടി സെക്രട്ടറി രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നും നടപടി ജില്ലാ ഘടകം പരിശോധിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. ടിപി ചന്ദ്രശേഖരന്റെ ഗതി വരുമോ എന്ന് ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണന് ഭയം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. അതിനിടെ ഇന്നലെ പ്രതിഷേധ പ്രകടനം നടത്തിയ കോൺഗ്രസ് - ബിജെപി പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഏരിയാ സെക്രട്ടറി ഉൾപ്പെടെ 25 പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. 

YouTube video player