ക്ഷേമ പെൻഷൻ 1500 രൂപയാക്കും, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും; എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

By Web TeamFirst Published Nov 23, 2020, 7:21 PM IST
Highlights

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും, ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് വീട് നൽകുമെന്നും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറയുന്നു.

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. വികസനത്തിന് ഒരു വോട്ട്, സാമൂഹ്യമൈത്രിക്ക് ഒരു വോട്ട് എന്നാണ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം. ക്ഷേമപദ്ധതികൾക്കാണ് പ്രകടനപത്രിക കൂടുതൽ പ്രധാന്യം നൽകിയിരിക്കുന്നത്. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും എൽഡിഎഫ് അവകാശപ്പെടുന്നു.

ജനുവരി മുതൽ ക്ഷേമ പെൻഷൻ 1500 രൂപയാക്കുമെന്നാണ് പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്ന്. ദാരിദ്ര നിർമ്മാജനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും, ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് വീട് നൽകുമെന്നും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറയുന്നു. തൊഴിലുറപ്പ് തൊഴിലാളികൾക്കും ക്ഷേമനിധി ഉറപ്പാക്കുമെന്ന പ്രഖ്യാപനവും ഉണ്ട്. 75 ദിവസം പണിയെടുത്താൽ ഉത്സവ ബത്ത നൽകും. 

തൊഴിലില്ലായ്മയാണ് കേരളത്തിലെ യുവതീ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് പറയുന്ന ഇടത് പക്ഷ പ്രകടന പത്രിക. കഴിഞ്ഞ നലരവര്‍ഷക്കാലംകൊണ്ട്‌ 1,46,130 പേര്‍ക്ക്‌ പിഎസ്‌സി വഴി തൊഴില്‍ നല്‍കാന്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ കഴിഞ്ഞതായി അവകാശപ്പെടുന്നു. പശ്ചാത്തല സൗകര്യസൃഷ്ടിയില്‍ ഇന്ന്‌ കേരളത്തില്‍ നടക്കുന്ന സമാനതകളില്ലാത്ത മുന്നേറ്റമാണെന്നും പ്രകടന പത്രികയിൽ പറയുന്നു.

നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്‌ സര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടികൾമൂലം ഇനിയുള്ള വര്‍ഷങ്ങളില്‍ സംഘടിത മേഖലയില്‍ വലിയ തോതില്‍ നിക്ഷേപവും അതുവഴി തൊഴിലവസരങ്ങളും വര്‍ദ്ധിക്കുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്.

കൊവിഡ് വാക്സിൻ ഫലപ്രദമായി ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് ഇടത് പക്ഷ പ്രകടന പത്രികയിൽ പറയുന്നു. കിഫ്ബിക്കെതിരായ നീക്കത്തിനുള്ള വിധിയെഴുത്താകും തദ്ദേശതെരഞ്ഞെടുപ്പ് ഫലമെന്നും എൽഡിഎഫ് പറയുന്നു.

click me!