'മോദി ട്രംപിന് കീഴടങ്ങി, പിണറായി മോദിക്ക് കീഴടങ്ങി': എൽഡിഎഫ് ഇടതുപക്ഷമായല്ല പ്രവർത്തിക്കുന്നതെന്ന് രാഹുൽ ഗാന്ധി

Published : Mar 30, 2026, 02:36 PM IST
Rahul Gandhi

Synopsis

എൽഡിഎഫ് സർക്കാർ കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ളതാണെന്നും റബ്ബർ കർഷകരെ അവഗണിച്ചെന്നും രാഹുൽ ഗാന്ധി. കേരളത്തിൽ യുഡിഎഫ് തരംഗമുണ്ട്. ജനങ്ങളെ കേൾക്കുന്ന, ബഹുമാനിക്കുന്ന, തെറ്റുകൾ അംഗീകരിക്കുന്ന ഒരു സർക്കാർ ആയിരിക്കും യുഡിഎഫിന്‍റേതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് കീഴടങ്ങിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മോദിക്ക് കീഴടങ്ങിയെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്വന്തം അഴിമതി മറച്ചുവയ്ക്കാനാണ് ഈ കീഴടങ്ങൽ. എൽഡിഎഫ് ഇടതുപക്ഷമായി പ്രവര്‍ത്തിക്കുന്നില്ല. ബിജെപിയെ പോലെ തന്നെ കോര്‍പ്പറേറ്റ് സ്വഭാവമാണ് അവര്‍ക്ക്. ഈ സർക്കാർ പാവപ്പെട്ടവർക്ക് അനുകൂലമായ നയങ്ങളൊന്നും സ്വീകരിക്കുന്നില്ല. കോര്‍പ്പറേറ്റുകള്‍ ഫണ്ട് ചെയ്യുന്ന സര്‍ക്കാരാണിതെന്നും രാഹുൽ ആരോപിച്ചു. അതേസമയം അമേരിക്കയിൽ അദാനിക്കെതിരായ കേസ് മോദിയെ ലക്ഷ്യം വെച്ചാണെന്നും എപ്സ്റ്റീൻ വിഷയം പാര്‍ലമെന്‍റിൽ ഉയര്‍ത്തിയപ്പോള്‍ മോദി ഓടിയൊളിച്ചെന്നും രാഹുൽ പറഞ്ഞു. അടൂരിൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടെന്നും ജനങ്ങളെ കേൾക്കുന്ന, ബഹുമാനിക്കുന്ന, തെറ്റുകൾ അംഗീകരിക്കുന്ന ഒരു സർക്കാർ ആയിരിക്കും യുഡിഎഫിന്‍റേതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പെട്രോൾ ഡീസൽ വിലക്കയറ്റത്തിൽ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും എന്ത് നടപടി എടുത്തുവെന്നും രാഹുൽ ചോദിച്ചു. യുഡിഎഫ് സർക്കാർ റബ്ബർ തൊഴിലാളികളെ പിന്തുണയ്ക്കുകയും റബ്ബർ വ്യവസായത്തെ സംരക്ഷിക്കുകയും ചെയ്തിരുന്നു. അവർ ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ നഷ്ടപരിഹാരം നൽകുകയും ചെയ്തു. എന്നാൽ റബ്ബർ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാൻ എൽഡിഎഫ് വിസമ്മതിച്ചു. തൊഴിലാളികളെയോ റബ്ബർ വ്യവസായത്തെയോ സംരക്ഷിക്കുന്നതിൽ അവർക്ക് താൽപ്പര്യമില്ല. കോർപ്പറേറ്റുകളുമായി അടുത്ത ബന്ധം നിലനിർത്തുന്നതിലാണ് അവർക്ക് സന്തോഷമെന്നും രാഹുൽ കുറ്റപ്പെടുത്തി.

ശബരിമലയിൽ സ്വര്‍ണം കട്ടതും അവിടെ എന്താണ് നടന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മറന്നുപോയെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ഇതിൽ നിന്ന് വ്യക്തമാകുന്നത് ബിജെപി-സിപിഎം ബന്ധമാണ്. കോണ്‍ഗ്രസ് നേരിടുന്നത് ബിജെപി പിന്തുണയ്ക്കുന്ന എൽഡിഎഫിനെയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിന്‍റെ പ്രകൃതിഭംഗിയും മനുഷ്യരുടെ സഹവർത്തിത്വവും രാഹുൽ ഗാന്ധി എടുത്തുപറഞ്ഞു. കേരളത്തിലെ നഴ്‌സുമാർ കരുണ ഉള്ളവരാണ്. തന്‍‌റെ അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നത്. അമ്മയെ പരിചരിക്കുന്നത് കേരളത്തിൽ നിന്നുള്ള നഴ്സ്മാരാണ്. അവർ കാരുണ്യത്തോടെയായിരിക്കും അമ്മയെ പരിചരിക്കുക എന്ന് ഉറപ്പാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ഇല്ലാത്തതും കരുണ ആണെന്ന് രാഹുൽ പറഞ്ഞു. പത്തനംതിട്ടയിലെ പര്യടനത്തിന് ശേഷം രാഹുൽ ഇന്ന് കോട്ടയത്തെത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇടതുസര്‍ക്കാര്‍ പരാജയമെന്ന് യുഡിഎഫ്
എസ്‍ഡിപിഐ പിന്തുണ ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി ചൂടാകുന്നു; വയനാട് പുനരധിവാസ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും എങ്ങോട്ടും മാറ്റിയിട്ടില്ല; വിഡി സതീശൻ