തിരുവനന്തപുരം: ഭരണഘടനാ സംരക്ഷണം ഉയര്‍ത്തി എല്‍ഡിഎഫിന്‍റെ മനുഷ്യ മഹാശൃംഖല ആരംഭിച്ചു. കാസർകോട് മുതൽ കളിയിക്കാവിള വരെ തീര്‍ക്കുന്ന മനുഷ്യ മഹാശൃംഖലയില്‍ എഴുപത് ലക്ഷം പേർ പങ്കെടുക്കുമെന്നാണ് സിപിഎം കരുതുന്നത്. പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയര്‍ത്തിയാണ് സിപിഎം മനുഷ്യ മഹാശൃംഖല തീര്‍ക്കുന്നത്. നാല് മണിക്ക് ആരംഭിക്കുന്ന മനുഷ്യ മഹാശൃംഖലയില്‍ എസ് രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയാകും.
കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ 620 കിലോമീറ്ററിലാണ് ശൃംഖല തീര്‍ക്കുന്നത്. എംഎ ബേബിയായിരിക്കും മനുഷ്യ മഹാശൃംഖലയിലെ അവസാന കണ്ണി.ന്യൂനപക്ഷ വിഭാഗങ്ങൾ അടക്കം വലിയ ജനപിന്തുണയായാണ് ഇടത് മുന്നണി മനുഷ്യമഹശൃംഖലയില്‍ പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്ത് പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപം പിണറായി വിജയനും കാനം രാജേന്ദ്രനും അണിചേരും. സമസ്‍ത എപി വിഭാഗം നേതാക്കളും കാസര്‍കോട് ശൃംഖലയില്‍ ചേരുന്നുണ്ട്. മുസ്ലീം ലീഗിൽ നിന്നടക്കമുള്ള അണികൾ കക്ഷി രാഷ്ട്രീയത്തിനതീതമായി ചങ്ങലയിൽ കണ്ണിയാകുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞിരുന്നു. മലപ്പുറത്ത് നിന്നും തരിഗാമി അണിചേരും.
മനുഷ്യ മഹാശൃംഖലയ്ക്ക് വേണ്ടിയുള്ള പ്രചാരണ പരിപാടികളും ശക്തമായിരുന്നു. ഭരണഘടനാ ആമുഖം വായിച്ച് നാല് മണിക്കാണ് പരിപാടി ആരംഭിക്കുക. ബിജെപി വിരുദ്ധരെല്ലാം രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്നാണ് സിപിഎം ആഹ്വാനം. കേന്ദ്രവിരുദ്ധ സമരങ്ങളിൽ ആദ്യം മുഖ്യമന്ത്രിയുമായി കൈകോർത്ത യുഡിഎഫ് മനുഷ്യ ശൃംഘയെ എതിർക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിമർശനം.കേന്ദ്രവിരുദ്ധ നിലപാടുകൾ മുഖ്യമന്ത്രി ശക്തമാക്കുമ്പോൾ ന്യൂനപക്ഷങ്ങളുടെ വലിയ പങ്കാളിത്തം സിപിഎം പ്രതീക്ഷിക്കുന്നു. ഒപ്പം ഭൂരിപക്ഷ സമുദായങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ മതസംഘടനകൾ തിരിച്ചും എൽഡിഎഫ് ക്ഷണമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam