'സ്ഥാനാർഥികളെ മാറ്റാൻ മടിക്കില്ല'; രണ്ടത്താണിക്ക് 'ചെങ്കൊടി' കാട്ടി വിജയരാഘവൻ; 'ലീഗിലെ കലാപം ആയുധമാക്കും, പുറത്തുവന്നാൽ പിന്തുണ'

Published : Mar 18, 2026, 03:14 PM IST
A Vijayaraghavan Abdurahiman Randathani

Synopsis

മുസ്ലിം ലീഗിലെ സ്ഥാനാർത്ഥി നിർണയത്തെ തുടർന്നുള്ള ആഭ്യന്തര കലഹം മുതലെടുക്കാൻ എൽഡിഎഫ് ഒരുങ്ങുന്നതായി എ വിജയരാഘവൻ സൂചിപ്പിച്ചു. അബ്ദുറഹിമാൻ രണ്ടത്താണിയെപ്പോലുള്ള നേതാക്കൾ ലീഗ് വിട്ടാൽ പിന്തുണയ്ക്കാൻ തയ്യാറാണെന്നും, മലപ്പുറത്ത് നിലവിലെ എൽഡിഎഫ് സ്ഥാനാർത്ഥികളെ മാറ്റാൻ പോലും മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

മലപ്പുറം: മുസ്ലിം ലീഗിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ ആഭ്യന്തര കലഹം രാഷ്ട്രീയമായി മുതലെടുക്കാൻ എൽ ഡി എഫ് ശ്രമിക്കുമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. തിരൂരങ്ങാടി സീറ്റിലടക്കം മുതിർന്ന നേതാവ് അബ്ദുറഹിമാൻ രണ്ടത്താണിയെ തഴഞ്ഞതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ എൽ ഡി എഫ് ഗൗരവമായി കാണുകയാണെന്ന് വിജയരാഘവൻ പറഞ്ഞു. രണ്ടത്താണി ലീഗിലെ പ്രതിരോധ മുഖമാണ്. പാർട്ടിയെ പ്രതിരോധിച്ചത് എന്നും രണ്ടത്താണിയായിരുന്നു. അങ്ങനെയുള്ള രണ്ടത്താണിയെപ്പോലുള്ളവർ ലീഗിൽ നിന്ന് പുറത്തുവന്നാൽ പിന്തുണയ്ക്കുന്ന കാര്യം ഇടത് മുന്നണി ആലോചിക്കുമെന്നും വിജയരാഘവൻ വ്യക്താക്കി. മലപ്പുറത്ത് എൽ ഡി എഫ് എം എൽ എമാരുടെ എണ്ണം വർദ്ധിപ്പിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള എൽ ഡി എഫ് സ്ഥാനാർത്ഥികളെ മാറ്റി കൂടുതൽ കരുത്തരെ അവതരിപ്പിക്കാനുള്ള സാധ്യതയയും പങ്കുവച്ചു. മന്ത്രി വി അബ്ദുറഹിമാന്റെ മണ്ഡലം മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രണ്ടാം പട്ടികയോടെ അന്തിമ തീരുമാനമുണ്ടാകുമെന്നും വിജയരാഘവൻ സൂചിപ്പിച്ചു.

താനൂരും തിരൂരും സാധ്യത

മുസ്ലിം ലീഗിൽ കലാപക്കൊടി ഉയർത്തിയ അബ്ദുറഹിമാൻ രണ്ടത്താണിയെ തിരൂരിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിലാണ് സി പി എം. വി അബ്ദുറഹിമാൻ മത്സര രം​ഗത്ത് നിന്ന് മാറുകയാണെങ്കിൽ താനൂരിലും രണ്ടത്താണിയെ പരിഗണിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മലപ്പുറത്ത് സി പി എം അടിയന്തര യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. തിരൂരങ്ങാടിയിൽ പി എം എ സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് അബ്ദുറഹ്മാൻ രണ്ടത്താണി ലീ​ഗിനോട് ഇടഞ്ഞത്. സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ലീഗ് കമ്മിറ്റികൾ അറിയാതെ എടുത്ത തീരുമാനമാണെന്ന് രണ്ടത്താണി ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രണ്ടത്താണി രംഗത്തെത്തിയത്. ഒരു കമ്മിറ്റിയും ആവശ്യപ്പെടാതെയാണ് സമീറിനെ സ്ഥാനാര്‍ഥിയാക്കിയത്. അര്‍ഹതയുള്ളവരെ തഴഞ്ഞുവെന്നും ഇതിന്റെ മാനദണ്ഡം ചോദ്യം ചെയ്താല്‍ അച്ചടക്കലംഘനമായി കാണരുതെന്നും രണ്ടത്താണി വിമര്‍ശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃക്കരിപ്പൂരിലേക്ക് സന്ദീപ് വാര്യർ? ഉദുമയിൽ പ്രദീപ് കുമാര്‍, എൽദോസിൻ്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിട്ടും സർക്കാർ നേട്ടങ്ങൾ വിവരിച്ച് പരസ്യം, പെരുമാറ്റ ചട്ടലംഘനമെന്ന് സതീശൻ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചു