
തിരുവനന്തപുരം: കടുത്ത ജനരോഷം കണക്കിലെടുത്ത് ഇന്ധന സെസ് കുറക്കുന്നതിൽ എൽഡിഎഫിൽ ആലോചന തുടങ്ങി. ബജറ്റിൽ പ്രഖ്യാപിച്ച ലിറ്ററിന് രണ്ട് രൂപ സെസ് ഒരു രൂപയാക്കാനാണ് നീക്കം. കേന്ദ്ര നയത്തെ കുറ്റപ്പടുത്തിയാണ് ഇടത് നേതാക്കൾ ഇന്നും നികുതി വർദ്ധനവിനെ ന്യായീകരിക്കുന്നത്. സംസ്ഥാന ബജറ്റിനെതിരെ ഇത്രയേറെ ജനരോഷം തിളക്കുന്നത് ഇതാദ്യമായാണ്.
കേന്ദ്രത്തെ പഴിപറഞ്ഞ് പിടിച്ചുനിൽക്കാനുള്ള ശ്രമം ദുർബ്ബലമാകുന്നുവെന്നാണ് ഇടതു വിലയിരുത്തൽ. നികുതി - സെസ് വർദ്ധനവ് പ്രതിപക്ഷം അതിവേഗം രാഷ്ട്രീയ വിഷയമാക്കി ജനവികാരം സർക്കാറിനെതിരെ തിരിച്ചുവിടാൻ ശ്രമിക്കുന്നതും ഇടത് ക്യാമ്പ് ഗൗരവത്തോടെയാണ് കാണുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥ 20ന് തുടങ്ങാനിരിക്കെ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കുക പ്രയാസമാകുമെന്നാണ് പൊതു വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് തടിയൂരാനുള്ള ചർച്ചകൾ സജീവമാകുന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ സെസ് ഏർപ്പെടുത്തിയത് ഒരു രൂപയാക്കി കുറക്കുന്നതാണ്സജീവമായി പരിഗണിക്കുന്നത്
സെസ് കൂട്ടുന്നതിൽ എൽഡിഎഫിൽ ചർച്ച നടന്നിരുന്നില്ല. ബജറ്റിലെ നികുതി നിർദ്ദേശങ്ങളിൽ തീരുമാനമെടുക്കാനുള്ള പൂർണ്ണ ചുമതല മുന്നണി ധനമന്ത്രിക്ക് നൽകിയിരുന്നു. ബജറ്റിന്‍റെ തലേ ദിവസം കടമെടുക്കാവുന്ന തുക വീണ്ടും കേന്ദ്രം വെട്ടിയതോടെയാണ് ഇന്ധന സെസ് ഏർപ്പെടുത്താൻ നിർബന്ധിതരായതെന്നാണ് ധനവകുപ്പ് വിശദീകരണം. എതിർപ്പ് കണക്കിലടുത്ത് രാഷ്ട്രീയ ചർച്ചകൾക്ക് ശേഷം നിയമസഭയിൽ ബജറ്റ് ചർച്ചയുടെ മറുപടിയിലാകും ധനമന്ത്രി മാറ്റങ്ങളിൽ തീരുമാനം അറിയിക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam