മാസ്റ്റർ പ്ലാനിനെ ചൊല്ലി തർക്കം: തൃശ്ശൂർ കോർപ്പറേഷനിൽ കൈയ്യാങ്കളിയും കൂട്ടത്തല്ലും

By Web TeamFirst Published Aug 27, 2021, 11:50 AM IST
Highlights

മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാനുള്ള അവസരം പോലും പ്രതിപക്ഷം നൽകിയില്ല. കൗൺസിൽ യോഗം തുടങ്ങിയപ്പോൾ തന്നെ തർക്കം തുടങ്ങി

തൃശ്ശൂർ: മാസ്റ്റർ പ്ലാൻ നടപ്പാക്കാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ തൃശൂർ കോർപ്പറേഷനിൽ വിളിച്ചുചേർത്ത പ്രത്യേക കൗൺസിൽ യോഗത്തിൽ കൂട്ടത്തല്ല്. മേയറെ കൈയ്യേറ്റം ചെയ്യാൻ പ്രതിപക്ഷ അംഗങ്ങൾ ശ്രമിച്ചപ്പോൾ ഇത് തടയാനെത്തിയ ഭരണപക്ഷ അംഗങ്ങൾ എത്തി. ഈ സമയത്താണ് സംഘർഷം നടന്നത്.

മേയറെ ഭരണപക്ഷ അംഗങ്ങൾ മാറ്റി. കോർപ്പറേഷനിൽ 30 പേരാണ് പ്രതിപക്ഷത്തുള്ളത്. 25 പേരാണ് ഭരണപക്ഷത്തുള്ളത്. മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിനെതിരെ കോൺഗ്രസും ബിജെപിയും രംഗത്ത് വന്നിരുന്നു. പ്രതിപക്ഷത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചേ മാസ്റ്റർപ്ലാൻ നടപ്പിലാക്കൂവെന്നായിരുന്നു മേയർ പറഞ്ഞിരുന്നത്.

എന്നാൽ മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാനുള്ള അവസരം പോലും പ്രതിപക്ഷം നൽകിയില്ല. ഇതിനെതിരെ പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച അടിയന്തിര പ്രമേയം മേയർ അനുവദിച്ചില്ല. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ മേയറുടെ അടുത്തേക്ക് ഇരച്ചെത്തി. പ്രതിരോധിക്കാൻ ഭരണപക്ഷ അംഗങ്ങളും എത്തിയതോടെ വാക്കേറ്റമുണ്ടായി. വാക്കേറ്റം കൈയ്യാങ്കളിയിലേക്കും തമ്മിൽത്തല്ലിലേക്കും പോയി. ഭരണ-പ്രതിപക്ഷ അംഗങ്ങളിൽ പലർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

മേയറെ കൈയ്യേറ്റം ചെയ്യുകയോ മർദ്ദിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ പിന്നീട് വാദിച്ചു. മേയർ ജനാധിപത്യ കശാപ്പ് ചെയ്യാൻ ശ്രമിച്ചത് കൊണ്ടാണ് പ്രതിഷേധിച്ചതെന്നും അവർ പറഞ്ഞു. മാസ്റ്റർ പ്ലാൻ നടപ്പാക്കാനുള്ള ഭരണപക്ഷത്തിന്റെ നീക്കങ്ങൾക്ക് എതിരെ പ്രതിപക്ഷം രാപ്പകൽ സമരം പ്രഖ്യാപിച്ചു. നാളെ ഉച്ചവരെ കൗൺസിൽ ഹാളിൽ കുത്തിയിരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

സംസാരിക്കാൻ അനുവദിച്ചില്ലെന്ന് മേയർ

തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് തൃശൂർ മേയർ എം കെ വർഗീസ് കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഒരു അഴിമതിയും മാസ്റ്റർപ്ലാനിലില്ല. പ്രതിപക്ഷം ചർച്ചയ്ക്ക് വരുന്നില്ല. പൈതൃകം തകർക്കാൻ ലക്ഷ്യമിട്ടല്ല നടപടി. പ്രതിപക്ഷം ജനാധിപത്യവിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. ആവശ്യമെങ്കിൽ പൊലീസ് സുരക്ഷ തേടുമെന്നും മേയർ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!