
കല്‍പ്പറ്റ: വയനാട് വൈത്തിരി പഞ്ചായത്തിലെ വാര്‍ഡിൽ വോട്ട് ചോദിച്ചെത്തിയ കോൺഗ്രസ് സ്ഥാനാർഥിയെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. വൈത്തിരി ഏഴാം വാർഡ് സ്ഥാനാർത്ഥി ഷൈലജ മുരുകേശനയാണ് തടഞ്ഞത്. വിപ്ലവഭൂമിയിൽ കയറ്റില്ലെന്നും വീടുകൾ കയറി നിരങ്ങാൻ അനുവദിക്കില്ലെന്നും പറഞ്ഞ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതിന്‍റെ വീഡിയോയും പുറത്തുവന്നു. സിപിഐ പ്രാദേശിക നേതാവ് രാമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് സ്ഥാനാർത്ഥിയെ തടഞ്ഞത്. ഇന്നലെ വൈകിട്ട് ആറരയോടെ സ്ഥലത്ത് വോട്ട് ചോദിക്കുന്നതിനിടെയാണ് സംഭവം. ഏഴാം വാര്‍ഡിലെ തൈലക്കുന്നിലെ മിച്ചഭൂമിയിൽ വോട്ട് ചോദിച്ചെത്തിയപ്പോഴാണ് സംഭവം. ഇത് വിപ്ലവത്തിന്‍റെ മണ്ണാണെന്നും ഇവിടെ വോട്ട് ചോദിച്ച് കയറി നിരങ്ങാൻ പറ്റില്ലെന്നുമാണ് ഭീഷണി. ഈ സമരഭൂമിയിൽ ഇത് നടക്കില്ലെന്നും ഇവിടുന്ന് അങ്ങോട്ട് ഒറ്റ വീട്ടിലും കയറില്ലെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.
നിങ്ങള് ഇവിടെ എന്തായാലും വോട്ട് ഉറപ്പിച്ചല്ലോ അപ്പോള്‍ ഞങ്ങള്‍ കയറി വോട്ട് ചോദിക്കുന്നതിന് എന്താണ് കുഴപ്പമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കയറാൻ പാടില്ലെന്നും അനുവദിക്കില്ലെന്നുമാണ് മറുപടി. വിപ്ലവ ഭൂമി ആയിക്കോട്ടയെന്നും ഞങ്ങള്‍ക്ക് വോട്ട് ചോദിക്കാൻ അവകാശമുണ്ടല്ലോയെന്നുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചോദിച്ചപ്പോഴും ഭീഷണി തുടരുകയായിരുന്നു. വോട്ട് ചോദിച്ച് എല്ലാ വീടുകളിലും കയറിയിറങ്ങുകയായിരുന്നുവെന്നും ഇതിനിടെ കയ്യേറ്റ സമരഭൂമിയിൽ കയറുന്ന സമയത്താണ് സംഭവമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. യുഡിഎഫുകാര്‍ക്ക് എന്താണ് കാര്യമെന്ന് ചോദിച്ചായിരുന്നു ഭീഷണി. ജനാധിപത്യപരമായി വോട്ട് ചോദിക്കാൻ അവകാശമുണ്ടെന്ന് പറഞ്ഞപ്പോഴും മോശമായിട്ടാണ് പെരുമാറിയത്. തോൽവിയിൽ വിറളിപൂണ്ടാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതെന്നും യുഡിഎഫ് ഒറ്റക്കെട്ടായാണ് പഞ്ചായത്തിൽ പ്രചാരണം നടത്തുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ധിക്കാരപരമായ സമീപനമാണ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. ഇതിനെ ജനാധിപത്യരീതിയിൽ ചെറുത്തുതോൽപിക്കും. വൈത്തിരി എൽഡിഎഫിന്‍റെ ഉറച്ചകോട്ടയായ പഞ്ചായത്താണ്.