
തൃശൂര്‍: യുഡിഎഫ് തരംഗം ആഞ്ഞുവീശിയ നിയമസഭാ തെരഞ്ഞെടുപ്പിലും കയ്പമംഗലം നിയോജക മണ്ഡലം നിലനിര്‍ത്തി എല്‍ഡിഎഫ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എം നാസറിനെ 9944 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോല്‍പിച്ചാണ് സിപിഐയുടെ വത്സരാജ് ഇടതുകോട്ട നിലനിര്‍ത്തിയത്. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ വത്സരാജ് 65448 വോട്ടുകള്‍ നേടിയപ്പോള്‍ പ്രധാന എതിര്‍ സ്ഥാനാര്‍ഥികളായ നാസര്‍ 55504 വോട്ടുകളും എൻഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിഡിജെഎസിന്‍റെ അതുല്യ ഘോഷ് 19688 വോട്ടുകളും നേടി.
ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ ബിരുദ പഠനം പൂർത്തിയാക്കിയ വത്സരാജ് എഐവൈഎഫ് ജില്ലാ നേതൃത്വത്തിൽനിന്നാണ് പാർട്ടി നേതൃത്വത്തിലേക്ക് എത്തുന്നത്. പത്തു വർഷം ഗുരുവായൂർ മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചതിനു ശേഷം 1997ൽ ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറിയാവുകയായി. സിഎൻ ജയദേവൻ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് തൃശൂർ ജില്ലാ സെക്രട്ടറിയായി പിന്നീട് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 1999മുതൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗമാണ് കെകെ വത്സരാജ്. ചാവക്കാട് ഫർക്ക ചെത്തു തൊഴിലാളി യൂണിയൻ, മദ്യ വ്യവസായ തൊഴിലാളി യൂണിയൻ, ജില്ലാ പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ, ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഫെഡറേഷൻ, കൃഷ്ണനാട്ടം എപ്ലോയീസ് അസോസിയേഷൻ, ഗുരുവായൂർ ദേവസ്വം കീഴ്ശാന്തി യൂണിയൻ എന്നിവയുടെ ഭാരവാഹിയായിരുന്നു.
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ എടവിലങ്ങ്, എടത്തിരുത്തി, എറിയാട് കയ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് കയ്പമംഗലം നിയമസഭാമണ്ഡലം. 2008 ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പ് മുതൽ സിപിഐയെ മാത്രം ജയിച്ച മണ്ഡലമാണിത്. പുനർനിർണ്ണയത്തിന് ശേഷം 2011-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ സിപിഐയുടെ വിഎസ് സുനിൽ കുമാർ വിജയിച്ചു. തുടർന്ന് 2016-ലും 2021-ലും സിപിഐ ടിക്കറ്റില്‍ മത്സരിച്ച ഇ ടി ടൈസൺ മാസ്റ്റർ വിജയം ആവർത്തിച്ചു.
ഇത്തവണ ടിഎം നാസറിനെ യുഡിഎഫ് സ്ഥാനാർഥിയാക്കുന്നതിൽ പ്രാദേശികമായി വൻ പ്രതിഷേധം നിലനിന്നിരുന്നു. ബെന്നി ബഹനാന്‍റെ നോമിനിയാണ് ടിഎം നാസറെന്നായിരുന്നു പൊതുവെയുള്ള ആക്ഷേപം.കയ്പമംഗലത്ത് തന്നെ മിടുക്കന്മാരായ യൂത്ത് കോൺഗ്രസ് നേതാക്കൾ നിരവധി ഉള്ളപ്പോഴാണ് ഇത്തരത്തിൽ ഇറക്കുമതി സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതെന്നായിരുന്നു പ്രാദേശിക വികാരം. ഇതും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചുവെന്നാണ് വിലയിരുത്തല്‍.
2021-ൽ 73,161 വോട്ടുകൾ (53.76 ശതമാനം വോട്ട് വിഹിതം) നേടിയാണ് ഇ ടി ടൈസൺ മാസ്റ്റർ ജയിച്ചത്. യുഡിഎഫിലെ ശോഭ സുബിൻ 50,463 വോട്ടുകൾ (37.08 ശതമാനം) നേടി രണ്ടാം സ്ഥാനത്തെത്തി. എൻഡിഎ സഖ്യത്തിന്‍റെ ഭാഗമായ ബിഡിജെഎസ് സ്ഥാനാർത്ഥി സിഡി ശ്രീലാലിന് 9,066 വോട്ടുകൾ (6.66 ശതമാനം) ലഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam