ആധുനിക കേരളത്തെയും ഇന്ത്യയെയും രൂപപ്പെടുത്തിയ കൂടിക്കാഴ്ച; ഗാന്ധി-ഗുരു സമാഗമം ജനതയുടെ ഭാഗ്യമായെന്ന് വിഡി സതീശൻ

Published : Mar 12, 2025, 12:21 PM ISTUpdated : Mar 12, 2025, 12:52 PM IST
ആധുനിക കേരളത്തെയും ഇന്ത്യയെയും രൂപപ്പെടുത്തിയ കൂടിക്കാഴ്ച; ഗാന്ധി-ഗുരു സമാഗമം ജനതയുടെ ഭാഗ്യമായെന്ന് വിഡി സതീശൻ

Synopsis

ശിവഗിരിയിൽ നടന്ന ചരിത്രപ്രസിദ്ധമായ ഗാന്ധി-ഗുരു സംഭാഷണത്തിന്റെ നൂറാം വാർഷിക ദിനത്തിൽ വി.ഡി സതീശൻ ഫേസ്‍ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: 1925 ൽ മഹാത്മാഗാന്ധിയും ശ്രീനാരയണ ഗുരുവും നടത്തിയ സമാഗമം ഒരു ജനതയുടെയാകെ ഭാഗ്യമായി മാറുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നേര് നേരിനെ കൈ പിടിച്ചണച്ച, ആധുനിക കേരളത്തെയും ഇന്ത്യയെയും രൂപപ്പെടുത്തിയ ഏറ്റവും പ്രധാനമായ കൂടിക്കാഴ്ചയായിരുന്നു അതെന്നും ശിവഗിരിയിൽ നടന്ന ചരിത്രപ്രസിദ്ധമായ ഗാന്ധി-ഗുരു സംഭാഷണത്തിന്റെ നൂറാം വാർഷിക ദിനത്തിൽ വി.ഡി സതീശൻ ഫേസ്‍ബുക്കിൽ കുറിച്ചു. കോൺഗ്രസിന്റെയും ശിവഗിരി മഠത്തിന്റെയും നേതൃത്വത്തിൽ ഇന്ന് വിപുലമായ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 

1925 ൽ കേരളത്തിൽ അതിമഹത്തായ ഒരു സമാഗമം നടന്നു. മാർച്ച് 12ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ഗാന്ധി ഗുരുവിനെ കാണാനെത്തി. ശിവഗിരി കുന്നുകളിൽ പരിപാവനമായ ആ മുഹൂർത്തം.

അവിടെ ആത്മീയത രാഷ്ട്രീയത്തെ തൊട്ടു.
സാമൂഹിക പരിവർത്തനത്തിന്റെയും  വിപ്ലവ സമരത്തിന്റെയും നദികൾ ഒഴുകിച്ചേർന്നു.
നേര് നേരിനെ കൈ പിടിച്ചണച്ചു. ആധുനിക കേരളത്തെയും ഇന്ത്യയെയും രൂപപ്പെടുത്തിയ ഏറ്റവും പ്രധാനമായ കൂടിക്കാഴ്ചയായിരുന്നു അത്. 

ആത്മീയതയുടെ നറും വെളിച്ചം, ആഴത്തിലുള്ള അവബോധം, അദ്വൈതത്തിന്റെ പൊരുൾ കണ്ടെത്തിയ ഉൾക്കണ്ണ്, സമൂഹത്തിലെ ഇരുട്ടിനെ അപ്പാടെ അടിച്ചു പറത്തിയ കൊടുങ്കാറ്റ്, കവി, പരിഷ്ക്കർത്താവ്, നായകൻ എല്ലാം ചേർന്ന മഹാസാഗരമാകുന്നു ഗുരു.
ഗാന്ധിയോ? ഖദറിന്റെ ശുഭ്രതയും രാഷ്രീയ ബോധ്യങ്ങളുടെ ഉജ്വലതയും ഗ്രാമ സ്വരാജിന്റെ പ്രായോഗികതയും ഉലയാത്ത സ്ഥൈര്യവും ചേർന്ന കർമ്മയോഗി.

എന്തായിരിക്കാം ഇവർ പരസ്‍പരം പറഞ്ഞത്? കേട്ടത്? മൗനങ്ങളിലൂടെ ഉള്ളിലേക്ക് പകർന്നത്.

ഗുരുവിനെ കണ്ടത് ജീവിതത്തിലെ മഹാഭാഗ്യമായെന്ന് ഗാന്ധി പറഞ്ഞു. ഇരുവരും കണ്ടത് ഒരു ജനതയുടെ ആകെ ഭാഗ്യമായി മാറി.
ഒരു വൃക്ഷത്തിലെ ശാഖകളും ഇലകളും വ്യത്യസ്തമായിരിക്കും. എന്നാൽ എല്ലാവരുടെയും ഉൾകാമ്പിലുള്ള മനുഷ്യത്വം ഒന്നാണ്. അതുമാത്രമാണ് മനുഷ്യന്റെ ജാതി, അതു മാത്രം. അത് ഏകമാണ്... ഗുരു പറഞ്ഞു നിർത്തി.

വിളക്കിൽ നിന്ന് പ്രകാശം പകരും പോലെ ഗാന്ധിയുടെ കണ്ണുകളിൽ ഒരു പ്രഭാതം ഉദിച്ചു. പിന്നീട് വന്ന എത്രയോ തീക്ഷ്ണ സമരങ്ങൾക്ക്, നിലപാടുകൾക്ക്, തിരുത്തലുകൾക്ക് ഗുരു പകർന്ന വെളിച്ചം ഗാന്ധിക്ക് വഴിതെളിച്ചു, കരുത്തു പകർന്നു, തണലായി. ഗുരു ഗാന്ധിയെ ഒരു ഖദർമാല അണിയിച്ച് ആശംസകൾ നേർന്നു. ഗാന്ധി ഭക്തിയോടെ പ്രണമിച്ചു. ആ കൂടിക്കാഴ്ചയും ശിവഗിരിയിൽ ചെലവഴിച്ച ഒരു ദിവസവും ഗാന്ധി ഹൃദയത്തിലണിഞ്ഞു. ചരിത്രമായ ആ കൂടിക്കാഴ്ചയ്ക്ക് ഇന്ന് നൂറ് വയസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്