
കോട്ടയം: ഏറ്റുമാനൂർ അമ്മയുടെയും മക്കളുടെയും ആത്മഹത്യയിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂർ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് നോബിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, ഷൈനി വായ്പ എടുത്തത് ഭർത്താവ് നോബിയുടെ അച്ഛന്റെ ചികിത്സക്കായെന്ന് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങൾ വ്യക്തമാക്കി. തിരിച്ചടവ് മുടങ്ങിയതോടെ, കേസ് കൊടുത്തെങ്കിലും നോബിയുടെ കുടുംബം തിരിച്ചടവിന് തയ്യാറായില്ല. ഷൈനിയുടെ ആവശ്യത്തിന് എന്നു പറഞ്ഞ് ഇവർ കൈയൊഴിഞ്ഞു. ഷൈനിയുടെ പേർക്ക് നോബി വാങ്ങിയ വാഹനങ്ങളുടെ ഉടമസ്ഥാവകാശം തിരിച്ചു നൽകുന്ന മുറയ്ക്ക് വായ്പ തിരിച്ചടയ്ക്കുമെന്നാണ് നോബി പറഞ്ഞതെന്ന് കുടുംബശ്രീ യൂണിറ്റ് പ്രസിഡൻ്റ് ഉഷ രാജു ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഷൈനി മരിച്ചതോടെ വായ്പാ തുക എങ്ങനെ കിട്ടും എന്നറിയാതെ പ്രതിസന്ധിയിലാണ് ഈ കുടുംബശ്രീ യൂണിറ്റ്. മധ്യസ്ഥ ചർച്ചയ്ക്ക് ശേഷം ഷൈനി പണം തിരിച്ചടച്ചു തുടങ്ങിയിരുന്നു. കുടുംബശ്രീ യൂണിറ്റിന് ഇപ്പോഴും ഒരു ലക്ഷത്തി ഇരുപത്തിയാറായിരം രൂപ ബാധ്യത ഉണ്ട്. ഷൈനി മരിച്ചതോടെ ഇതെങ്ങനെ പരിഹരിക്കും എന്ന് അറിയില്ല. ഷൈനി വീട്ടിൽ അനുഭവിച്ച പ്രശ്നങ്ങൾ ഒരിക്കലും പറഞ്ഞിരുന്നില്ല എന്നും കരിങ്കുന്നത്തെ പുലരി കുടുംബശ്രീ യൂണിറ്റ് വെളിപ്പെടുത്തി.
കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് ഉത്തരവ്പറയും. ഏറ്റുമാനൂർ കോടതിയാണ് ജാമ്യപേക്ഷ പരിഗണിച്ചത്. കഴിഞ്ഞദിവസം പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായിരുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ കേസിന്റെ തുടർന്വേഷണത്തിന് ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസിൽ നിർണായക തെളിവായ മൊബൈൽ ഫോണിന്റെ ശാസ്ത്രീയ പരിശോധന പൂർത്തിയാക്കിയ ശേഷം വീണ്ടും പ്രതിയെ കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ആത്മഹത്യാ പ്രേരണ കൃത്യമായി കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥരും ജാമ്യത്തെ എതിർത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
13കാരി 27 ആഴ്ച ഗർഭിണി, ഗര്‍ഭം അലസിപ്പിക്കാൻ അനുമതി നൽകി കോടതി, ബലാത്സംഗത്തിനിരയായെന്ന് പരാതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam