
ദില്ലി: രാഹുൽഗാന്ധിക്കെതിരെ (Rahul Gandhi) രൂക്ഷവിമർശനവുമായി പി ജെ കുര്യൻ. സ്ഥിരതയില്ലാത്ത നേതാവാണ് രാഹുൽഗാന്ധിയെന്ന് കേരളശബ്ദത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ആരോപിച്ചു. നെഹ്റു കുടുംബത്തിൽ നിന്ന് പുറത്ത് നിന്നൊരാൾ കോൺഗ്രസ് പ്രസിഡന്റായി വേണമെന്നും കുര്യൻ തുറന്നടിച്ചു.
ജി 23 സംഘവുമായി കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ തുടരുമ്പോഴാണ് നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പി ജെ കുര്യൻ രംഗത്തെത്തുന്നത്. രാഹുൽഗാന്ധിയെ വ്യക്തിപരമായി കടന്നാക്രമിച്ചാണ് കുര്യന്റെ വിമർശനം. ആദ്യമായാണ് കേരളത്തിൽ നിന്നൊരു നേതാവ് രാഹുലിനെതിരെ ഇത്രയും രൂക്ഷമായ വിമർശനവുമായി രംഗത്തെത്തുന്നത്.
2019 ലെ പരാജയം ഏറ്റുവാങ്ങിയപ്പോൾ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടി രാഹുൽഗാന്ധി പ്രസിഡന്റ് സ്ഥാനം രാജി വച്ചത് മുതൽ കോൺഗ്രസ് നാഥനില്ലാകളരിയായി. രാജിവച്ചിട്ടും നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് രാഹുൽഗാന്ധിയാണ്. അതൊരു ശരിയായ നടപടിയല്ലെന്നാണ് കുര്യന്റെ വിമർശനം. പാർട്ടിയിൽ കൂട്ടായ ചർച്ചകളില്ല. തനിക്ക് ചുറ്റുമുള്ള സ്വാധീനമുള്ള കുറച്ചാളുകളുമായി മാത്രം ആലോചിച്ച് രാഹുൽ ഗാന്ധി തീരുമാനമെടുക്കുന്നത് അംഗീകരിക്കില്ലെന്നും അസന്നിഗ്ദമായി കുര്യൻ വ്യക്തമാക്കുന്നു.
സ്ഥിരതയില്ലാത്ത നേതാവാണ് രാഹുലെന്ന് വിമർശിച്ച കുര്യൻ മുന്നിൽ നിന്ന് നയിക്കേണ്ട ഘട്ടത്തിലാണ് അദ്ദേഹം പദവി ഇട്ടെറിഞ്ഞ് പോയതെന്നും തുറന്നടിച്ചു. അനുഭവജ്ഞാനമില്ലാത്ത കോക്കസാണ് അദ്ദേഹത്തിന് ചുറ്റുമുള്ളതെന്ന് വിമർശിച്ച കുര്യൻ തെരഞ്ഞെടുപ്പിൽ പോലും മത്സരിച്ചിട്ടില്ലാത്ത ചിലരാണ് ഉപദേശകരെന്ന് ആരോപിക്കുന്നു.
കപ്പലുപേക്ഷിച്ച് പുറത്ത് ചാടിയ കപ്പിത്താനെന്ന് രാഹുലിനെ വിമർശിച്ച കുര്യൻ പ്രസഡിന്റായി വീണ്ടും അദ്ദേഹത്തെ വരുത്താനുള്ള നീക്കങ്ങളെയും തള്ളുന്നു. പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് പറഞ്ഞയാൾ മറ്റാരെങ്കിലും ആ സ്ഥാനത്തേക്ക് വരുന്നത് തടയുന്നത് അംഗീകരിക്കാനാകില്ല. നെഹ്റു കുടുംബത്തിൽ നിന്നുള്ളവരായിരിക്കണം എല്ലാ കാലത്തും കോൺഗ്രസ് പ്രസിഡന്റായി വരണമെന്ന രീതി ന്യായീകരിക്കാനാകില്ല. സംഘടനാ തെരഞ്ഞെടുപ്പ് പരോഗമിക്കുമ്പോഴാണ് മുതിർന്ന നേതാക്കളെ ഒഴിവാക്കി രാഹുൽ മുന്നോട്ട് പോകുന്നുവെന്ന പരസ്യവിമർശനം കുര്യൻ നടത്തുന്നത്. രാഹുലാണ് പ്രശ്നങ്ങളുടെ കേന്ദ്രബിന്ധുവെന്ന പറഞ്ഞ കുര്യന്റെ അടുത്തനീക്കം എന്താണെന്നാണ് ഇനി അറിയേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam