മാധ്യമ വിരോധ നടപടികൾ: സിപിഎമ്മിന് അകത്ത് അതൃപ്തി, മുന്നണിയിലും സർക്കാരിനെതിരെ അസംതൃപ്തി

Published : Jun 17, 2023, 08:30 AM ISTUpdated : Jun 17, 2023, 08:31 AM IST
മാധ്യമ വിരോധ നടപടികൾ: സിപിഎമ്മിന് അകത്ത് അതൃപ്തി, മുന്നണിയിലും സർക്കാരിനെതിരെ അസംതൃപ്തി

Synopsis

മുഖ്യമന്ത്രിയുടെ ഓഫീസും ക്രൈം ബ്രാഞ്ച് എഡിജിപി എംആർ അജിത് കുമാറും മാത്രം അറിഞ്ഞ് നടത്തിയ നീക്കത്തിൽ പാര്‍ട്ടിയും സര്‍ക്കാരും ഒരുപോലെ വെട്ടിലായെന്നാണ് മുതിര്‍ന്ന നേതാക്കൾ പോലും സമ്മതിക്കുന്നത്

തിരുവനന്തപുരം: മാധ്യമ വിരോധ നടപടികളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ നയത്തിൽ സിപിഎമ്മിനകത്ത് തന്നെ വലിയൊരു ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. അതിരുകടക്കുന്ന വിമര്‍ശനവും പൊലീസിനെ ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എടുക്കുന്ന നടപടികളും അപക്വമെന്നാണ് വിമര്‍ശനം.  എലത്തൂര്‍ കേസിൽ മാതൃഭൂമിക്കെതിരായ പൊലീസ് നടപടി പ്രത്യേക ലക്ഷ്യം വച്ചായിരുന്നു എന്ന് ഇടതുമുന്നണി ഘടകക്ഷി നേതാവ് കൂടിയായ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എംവി ശ്രേയാംസ് കുമാറിന്റെ പ്രതികരണം, ഇക്കാര്യത്തിൽ മുന്നണിക്ക് അകത്തെ അസംതൃപ്തി കൂടി വിരൽ ചൂണ്ടുന്നു.

വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്ന നടപടി എന്ന പൊതു വിലയിരുത്തൽ പാര്‍ട്ടിക്കും സര്‍ക്കാരിനും പേരുദോഷമുണ്ടാക്കുന്നെന്ന നിലപാടാണ് സിപിഎം നേതൃനിരയിലെ മിക്കവര്‍ക്കുമുള്ളത്. ഒരു വശത്ത് മാധ്യമ സ്വാതന്ത്ര്യം പ്രഖ്യാപിത നയമായി സിപിഎം കേന്ദ്ര നേതൃത്വം അടക്കം കൊണ്ടുനടക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. എസ്എഫ്ഐ നേതാവിനെതിരായ ആരോപണം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ എടുത്ത കേസ് മുതൽ, വിഷയത്തിൽ എംവി ഗോവിന്ദന്റെ പ്രതികരണം വരെ അതിരുകടന്നുവെന്ന വിമർശനം ശക്തമാണ്

മുഖ്യമന്ത്രിയുടെ ഓഫീസും ക്രൈം ബ്രാഞ്ച് എഡിജിപി എംആർ അജിത് കുമാറും മാത്രം അറിഞ്ഞ് നടത്തിയ നീക്കത്തിൽ പാര്‍ട്ടിയും സര്‍ക്കാരും ഒരുപോലെ വെട്ടിലായെന്നാണ് മുതിര്‍ന്ന നേതാക്കൾ പോലും സമ്മതിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രം അറിഞ്ഞെടുക്കുന്ന തീരുമാനങ്ങൾ അതിശയിപ്പിക്കുന്നതെന്നാണ് നേതാക്കളിൽ ചിലരുടെ പ്രതികരണം. മന്ത്രിമാരിൽ ചിലര്‍ക്കും അതൃപ്തിയുണ്ട്. സംഘടനാ ചട്ടക്കൂടിന് പുറത്ത് വന്നുള്ള പ്രതികരണങ്ങൾക്ക് പക്ഷെ പലരും തയ്യാറാകുന്നില്ലെന്ന് മാത്രം. 

എലത്തൂർ കേസിൽ മാതൃഭൂമി ജീവനക്കാർക്കെതിരായ കേസ് ഒരു പൊലീസ് ഓഫീസറുടെ പേര് പറയിക്കാനാണെന്ന് എംവി ശ്രേയാംസ് കുമാര്‍ പരസ്യ നിലപാടെടുത്തിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ മിണ്ടാനാണ് തീരുമാനം പ്രത്യേക പരിപാടിയിലായിരുന്നു ഇത്. സര്‍ക്കാര്‍ നടപടിയെ ന്യായീകരിക്കുന്ന കാനം രാജേന്ദ്രന്റെ പ്രതികരണത്തിൽ സിപിഐക്ക് അകത്തും അതൃപ്തിയുണ്ടെന്നാണ് വിവരം. വിദേശ യാത്രക്ക് ശേഷം മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തിയ ശേഷം സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചിട്ടുണ്ട്. 30 ന് സംസ്ഥാന സെക്രട്ടേറിയറ്റും ഒന്നും രണ്ടും തീയതികളിൽ സംസ്ഥാന സമിതിയും ചേരും. മാധ്യമങ്ങളോടുള്ള നയസമീപനം അടക്കം സമീപകാല വിവാദങ്ങളിലെല്ലാം വിശദമായ ചര്‍ച്ചയുണ്ടാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടീഷര്‍ട്ട് ഓള്‍ട്ടര്‍ ചെയ്യാനെത്തിയ പതിനഞ്ചുകാരനെ തുന്നല്‍ കടയില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ചു, ടൈലര്‍ക്ക് കഠിന തടവ്
2024 മുതലുള്ള സ്റ്റേ നീങ്ങി, സർക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി; മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പട്ടയ വിതരണത്തിന് അനുമതി