
ദില്ലി: കോണ്‍ഗ്രസില്‍ സമൂല മാറ്റം വേണമെന്ന് ചിന്തന്‍ ശിവിറിന് മുന്നോടിയായി ദില്ലിയില്‍ ചേര്‍ന്ന വിവിധ സമിതികള്‍. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ഗാന്ധി ഭാരത പര്യടനം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഘടന തലത്തിലടക്കം നിര്‍ണ്ണായക മാറ്റങ്ങള്‍ക്കാകും ചിന്തന്‍ ശിവിറില്‍ കളമൊരുങ്ങുക.
ചിന്തന്‍ ശിവിറില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ആറ് സമിതികളാണ് യോഗം ചേരുന്നത്.രാഷ്ട്രീയം, സംഘടന, സാമൂഹിക നീതിയും ശാക്തീകരണവും, സാമ്പത്തികം, യുവജന ക്ഷേമം, കാര്‍ഷിക മേഖല ഇങ്ങനെ ആറ് വിഭാഗങ്ങള്‍ കേന്ദ്രീകരിച്ചാകും ചര്‍ച്ചകള്‍. അജണ്ട നിശ്ചയിക്കുന്നതിന് മുന്നോടിയായി ആറ് സമിതികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ സോണിയ ഗാന്ധി പരിശോധിക്കും.
ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് സംഘടന കാര്യസമിതിയില്‍ രമേശ് ചെന്നിത്തല ഉന്നയിച്ചത്. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കാനുള്ള അധികാരം പിസികള്‍ക്ക് നല്‍കണം, ചെറിയ സംസ്ഥാനങ്ങളില്‍ പിസിസി അംഗങ്ങളുടെ എണ്ണം 50 ആക്കണം. വലിയ സംസ്ഥാനങ്ങളില്‍ 100 ആക്കണം , എഐസിസി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും ചെന്നിത്തല മുന്നോട് വച്ചു.
കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്തുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഭൂപീന്ദര്‍ ഹൂഡ അധ്യക്ഷനായ കാര്‍ഷിക സമിതി യോഗം ചേര്‍ന്നത്. സമിതികള്‍ ഇന്ന് ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ തിങ്കളാഴ്ച ചേരുന്ന പ്രവര്‍ത്തക സമിതിയ വിലയിരുത്തും. രാജസ്ഥാനിലെ ഉദയ് പൂരില്‍ 13 മുതല്‍ 15 വരെയാണ് നിര്‍ണ്ണായകമായ ചിന്തന്‍ ശിവിര്‍ ചേരുന്നത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയില്‍ നടക്കുന്ന അഴിച്ചുപണിയുടെയും, തുടര്‍നടപടികളുടെയും ഒരു ബ്ലൂ പ്രിന്‍റ് ചിന്തന്‍ ശിവിറില്‍ തയ്യാറാകുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന സൂചന.