
ദോഹ: ഖത്തർ കെഎംസിസി ഓഫീസിൽ നടന്ന 8 കോടി രൂപയുടെ കവർച്ചയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകളും വിവാദങ്ങളും കത്തിപ്പടരുമ്പോഴും കെഎംസിസി നേതൃത്വം മൗനം തുടരുകയാണ്. സംഘടനയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിൻ്റെ അറിവോടെയാണ് കവർച്ചയെന്ന വിമർശനം ശക്തമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യങ്ങളിൽ പരിശോധന ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് നേതൃത്വം ഉറപ്പു നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ലെന്നും പ്രവർത്തകർ പറയുന്നു. അതിനിടെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുന്നയിച്ച ചിലരെ സംഘടനയിൽനിന്ന് പുറത്താക്കുകയും ചെയ്തു.
ഖത്തർ കെഎംസിസിയുടെ സ്പോർട്സ് വിഭാഗം കൺവീനർ റൊട്ടാന റസാഖിനെതിരെയാണ് കേസുമായി ബന്ധപ്പെട്ട കാര്യമായ വിമർശനം ഉള്ളത്. കവർച്ച കേസിലെ ഒന്നാം പ്രതി ബോംബെ ഷാജിയുടെ പുറത്തുവന്ന ശബ്ദ സന്ദേശത്തിലും റൊട്ടാന റസാഖിന്റെ പേര് പരാമർശിക്കുന്നുണ്ട്. എന്നാൽ സംഭവത്തിൽ തനിക്ക് യാതൊരു അറിവും ഇല്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതം എന്നുമാണ് റസാഖിന്റെ പ്രതികരണം.
ഖത്തറിലെ കെഎംസിസി കവർച്ച കേസിൽ പൊലീസ് അന്വേഷണം തുടരുന്നു. 2025 സെപ്റ്റംബർ 18ന് ഖത്തറിൽ നടന്ന മോഷണത്തിലെ ഗൂഢാലോചനയാണ് കൊയിലാണ്ടി പൊലീസ് അന്വേഷിക്കുന്നത്. ബിജെപി പ്രാദേശിക നേതാവായ പരപ്പിൽ ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം സ്റ്റേഷനിൽ കീഴടങ്ങി കുറ്റസമ്മതം നടത്തിയിരുന്നു. വെൽഡിംഗ് ജോലിക്കെന്ന് പറഞ്ഞാണ് തന്നെ കൊണ്ടുപോയതെന്നും ഭീഷണിപ്പെടുത്തിയാണ് സ്ട്രോംഗ് റൂം തുറപ്പിച്ചതെന്നുമായിരുന്നു വെളിപ്പെടുത്തൽ. ബാലകൃഷ്ണനെ കൂടാതെ ബോംബെ ഷാജി, റാഷി, സാലിഹ്, ഹസ്സൻ, നിസാർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇതിൽ ബോംബൈ ഷാജി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ തീരുമാനമായാൽ തുടർ നടപടിയിലേക്ക് കടക്കാനാണ് പൊലീസിന്റെ നീക്കം. അറസ്റ്റിലായ ബാലകൃഷ്ണനെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam