മലപ്പുറത്ത് കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തം: ഉടൻ പരിഹാരം കാണണമെന്ന് മുസ്ലിം ലീഗ്, കെപിസിസി നേതൃത്വത്തെ സമീപിച്ചു

By Web TeamFirst Published Mar 30, 2024, 7:10 AM IST
Highlights

കോണ്‍ഗ്രസിലെ മണ്ഡലം പ്രസിഡന്‍റ് നിയമനവുമായി ബന്ധപ്പെട്ട് രൂക്ഷമായ ഗ്രൂപ്പ് പോര് ഇപ്പോഴും തുടരുന്നതാണ് ലീഗിന് തലവേദനയായിരിക്കുന്നത്

മലപ്പുറം: മലപ്പുറത്തെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്ന് ആശ്യപ്പെട്ട് മുസ്ലീം ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചു. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ബാധിക്കുന്നുവെന്നുവെന്ന വിലയിരുത്തലിലാണ് നടപടി. ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ ഗ്രൂപ്പ് പോര് അവസാനിക്കാത്തതിൽ ലീഗ് നേതൃത്വം കടുത്ത അതൃപ്തിയിലാണ്.

കോണ്‍ഗ്രസിലെ മണ്ഡലം പ്രസിഡന്‍റ് നിയമനവുമായി ബന്ധപ്പെട്ട് രൂക്ഷമായ ഗ്രൂപ്പ് പോര് ഇപ്പോഴും തുടരുന്നതാണ് ലീഗിന് തലവേദനയായിരിക്കുന്നത്. പ്രാദേശിക തലത്തിലെ യുഡിഎഫ് കണ്‍വെഷനുകളുടെ നടത്തിപ്പിനെ പോലും ഗ്രൂപ്പ് പോര് ബാധിക്കുന്നതായാണ് ലീഗീന്‍റെ പരാതി. ആര്യാടന്‍ ഷൗക്കത്ത് വിഭാഗവും ഡിസിസി പ്രസിഡന്‍റ് വി എസ് ജോയിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗവും തമ്മില്‍ പ്രശ്നം നിലനില്‍ക്കുന്ന ഇടങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഗ്രൂപ്പ് പോര് ബാധിച്ചിട്ടുണ്ട്. മംഗലം,വെട്ടം,മേലാറ്റൂര്‍,എടപ്പറ്റ,കീഴാറ്റൂര്‍,അങ്ങാടിപ്പുറം ,തിരൂരങ്ങാടി,പരപ്പനങ്ങാടി എന്നിവിടങ്ങളിലെല്ലാം പ്രതിസന്ധി രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനോടും കെ പി സി സി ആക്ടിംഗ് പ്രസിഡന്‍റ് എം എം ഹസ്സനോടും അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.ഇരു ഗ്രൂപ്പുകളേയും ഒരുമിച്ച് കൊണ്ടു പോകാന്‍ കഴിയാത്തതാണ് പലയിടത്തും തലവേദനയാകുന്നത്. ബൂത്ത് തലം മുതല്‍ ഈ പ്രശ്നം പ്രകടമാണ്. ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്തുമ്പോള്‍ മറു വിഭാഗം നിസ്സഹരിക്കുകയാണെന്ന് ലീഗ് നേതാക്കള്‍ പറയുന്നു. വിഷയത്തില്‍ തത്കാലം പരസ്യ പ്രതികരണം വേണ്ടെന്ന നിലപാടിലാണ് ലീഗ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!