
ദില്ലി: എഫ്സിആർഎ നിയമഭേദഗതി ബിൽ പാർലമെൻ്റിൽ ചർച്ചക്കെടുക്കാതെ മാറ്റിവെച്ചെങ്കിലും വിഷയം പ്രചാരണരംഗത്ത് സജീവമാക്കി നിർത്താനാണ് ഇടത് വലത് മുന്നണികളുടെ തീരുമാനം. ഭേദഗതി ബില്ലിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് ഓർത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു. ബിജെപിക്ക് തൽക്കാലം ആശ്വാസമായെങ്കിലും കോൺഗ്രസ് മനോഭാവമുള്ള മെത്രാൻമാരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന് പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥി പി സി ജോർജ് തുറന്നടിച്ചു.
തെരഞ്ഞെടുപ്പിൽ വീണുകിട്ടിയ ആയുധം ഉപേക്ഷിക്കാൻ ഇരു മുന്നണികളും തയ്യാറല്ല. തിരിച്ചടി ഭയന്ന് മാത്രം ബിൽ മാറ്റിവയ്ക്കുകയാണെന്നും ഇരട്ടി പ്രഹരത്തോടെ തിരികെ വരുമെന്നുമാണ് രണ്ട് മുന്നണികളുടെയും പ്രചാരണം. ബില്ലിൽ തുടർ നടപടികളുണ്ടായാൽ ക്രൈസ്തവ ഭൂരിപക്ഷ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ പ്രതിഷേധത്തിന് കോൺഗ്രസുംസിപിഎമ്മും തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. ഇക്കാര്യത്തിൽ സഭകളുടെ ആശിർവാദവും ഉറപ്പ് വരുത്തിയിരുന്നു. നിയമ പോരാട്ടത്തിനുള്ള പിന്തുണയും വാഗ്ദാനം ചെയ്തു കഴിഞ്ഞു.
ചങ്കിടിപ്പോടെയാണ് പാർലമെൻ്റ് നടപടികളെ ബിജെപി നോക്കി കണ്ടത്. ബില്ല് പാസായാൽ അതുണാക്കാവുന്ന തിരിച്ചടി ചെറുതായിരിക്കില്ല. എന്നാൽ സഭാധ്യക്ഷന്മാരുടെ നീക്കത്തെ സംശയത്തോടെ കാണുന്ന ഒരു വിഭാഗവും പാർട്ടിയിലുണ്ട്. മറ്റൊരു സമുദായവും പ്രതിഷേധിക്കാത്തപ്പോൾ കോൺഗ്രസിന് അനുകൂല സാഹചര്യമൊരുക്കാൻ മെത്രാൻമാർ ശ്രമിക്കുന്നുവെന്നാണ് പിസി ജോർജ് തുറന്നടിച്ചത്.
പാർലമെൻ്റിലെ ചർച്ചക്ക് മുൻപ് ബില്ലിൽപൊതു ജനാഭിപ്രായം തേടണമെന്നാണ് സഭകളുടെ നിലപാട്. മതസംഘടനകൾക്കും മറ്റ് എൻജിഒകൾക്കും വ്യത്യസ്ത വ്യവസ്ഥകൾ കൊണുവരണമെന്നും ആവശ്യമുണ്ട്. അതേസമയം പൗരത്വനിയമ ഭേദഗതി, കശ്മീർ പുന:സംഘടന തുടങ്ങിയ വിഷയങ്ങളിലെ ആശങ്ക പിന്നീട് അസ്ഥാനത്തായെന്ന ന്യായീകരണമാണ് എഫ്സിആർഎയുടെ കാര്യത്തിൽ ബിജെപി പുതുതായി ഉന്നയിക്കുന്നത്. ഈ സമ്മേളനകാലത്ത് പരിഗണിച്ചില്ലെങ്കിലും ബിജെപിയുടെ റിസർവ് ലിസ്റ്റിൽ എഫ്സിആർഎ നിയമഭേദഗതിക്ക് തന്നെയാകും മുൻഗണന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam