
ഇടുക്കി: സിപിഐ വിട്ടതായി സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമെന്ന് മുന്‍ എംഎല്‍എ ഇ എസ് ബിജിമോള്‍. രാഷ്ട്രീയ സ്ഥാനമാനങ്ങൾക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രിയ പാർട്ടികളിലേക്ക് ചേക്കേറുന്നവർ ഉണ്ടാകാം. അവരുടെ കൂട്ടത്തിൽ തന്‍റെ പേര് ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ബിജിമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു. 22-ാം വയസില്‍ സി പി ഐ മെമ്പർഷിപ്പ് എടുത്താണ് താന്‍ സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് വരുന്നത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതോടെയാണ് സാധാരണക്കാരായ സഖാക്കളുടെ അളവറ്റ സ്നേഹവും കരുതലും അനുഭവിച്ചറിഞ്ഞത്. അവർ നല്‍കിയ ആത്മവിശ്വാസവും പിന്തുണയുമാണ് ജനപ്രതിനിധിയെന്ന നിലയിൽ പ്രവർത്തിക്കുവാനും ജനകീയ പ്രശ്നങ്ങളിൽ പ്രതികരിക്കാനും കരുത്ത് നല്‍കിയതെന്ന് ബിജിമോള്‍ വ്യക്തമാക്കി. എന്നും അടിയുറച്ച ഒരു കമ്യുണിസ്റ്റുകാരിയായിരിക്കും താന്‍.
അതിലുപരി രാഷ്ട്രീയപ്രവർത്തകയായിരിക്കുന്നടത്തോളം കാലം താന്‍ സിപിഐയുടെ പ്രവർത്തകയായിരിക്കും. ശരിയെന്ന് ഉത്തമ ബോധ്യമുള്ളത് ഭയരഹിതമായി പറയുന്നതിനും പറയുന്നത് പ്രവർത്തിക്കുന്നതിനും എന്നും സിപിഐക്ക് ഒപ്പം ഉണ്ടാകുമെന്നും ബിജിമോള്‍ പറഞ്ഞു. അതേസമയം, അടുത്തയിടെ നടന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ഇ എസ് ബിജിമോള്‍ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്തായിരുന്നു.
സംസ്ഥാന കൗൺസിലേക്കുള്ള പട്ടികയിൽ ബിജിമോളെ ഉൾപെടുത്താന്‍ തയാറാകാതിരുന്ന ഇടുക്കി ജില്ലാ ഘടകം പാർട്ടി കോൺഗ്രസ് പ്രതിനിധിയായും മുന്‍ എംഎല്‍യെ നിർദേശിച്ചിരുന്നില്ല. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ വിമർശനവുമായി ഇ എസ് ബിജിമോൾ രംഗത്തെത്തിയിരുന്നു.
പാർട്ടിയിൽ പുരുഷാധിപത്യമാണ് ഇപ്പോഴുമുള്ളത്. ഒരു ജില്ലയിൽ വനിത സെക്രട്ടറി വേണമെന്ന തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു എന്നായിരുന്നു വിമര്‍ശനം. അതേസമയം, ബിജിമോൾക്ക് എല്ലാം നൽകിയ പാർട്ടിയെക്കുറിച്ച് ഇത്തരത്തിൽ വിമര്‍ശനം ഉന്നയിച്ചത് ദൗർഭാഗ്യകരമായിപോയെന്നായിരുന്നു ജില്ലാ നേത്വത്തിന്‍റെ നിലപാട്. സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഈ അതൃപ്തി പ്രതിഫലിച്ചു എന്നാണ് വിലയിരുത്തല്‍.