
വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൈകോർക്കാൻ ആഹ്വാനം ചെയ്ത് ജില്ലാ കളക്ടർ. വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ വസ്തുക്കൾ എത്തിക്കാനാണ് നിർദേശം. സന്നദ്ധരായ വ്യക്തികളും സംഘടനകളും കളക്ട്രേറ്റ് കണ്‍ട്രോൾ റൂമുമായി ബന്ധപ്പെടണം. 8848446621 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കണമെന്നാണ് നിർദേശം.
വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുവരുന്നതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. 12 ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാഹചര്യം വിലയിരുത്തി ഉത്തരവിന് കാത്തുനിൽക്കാതെ നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ക്യാമ്പുകൾക്ക് ആവശ്യമുള്ള സാധനങ്ങൾ എത്തിക്കാൻ സമീപത്തെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായം കൂടി തേടുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു.
വൈത്തിരി താലൂക്കിലെ മുണ്ടക്കൈ എന്ന പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ 70 പേരുടെ മരണം സ്ഥിരീകരിച്ചു. 120 പേരെ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എത്ര പേരെ കാണാതായെന്ന കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണില്‍ കുടുങ്ങിയ ആളെ മണിക്കൂറുകള്‍ക്കുശേഷം അതിസാഹസികമായി രക്ഷപ്പെടുത്തി. ഉരുള്‍പൊട്ടി കല്ലും മണ്ണുമെല്ലാം വീടുകളും മറ്റും തകര്‍ത്തുകൊണ്ട് ഒഴുകിയ സ്ഥലത്തിന് സമീപത്തെ ചെളിയിൽ കുടുങ്ങിയ ആളെയാണ് രക്ഷപ്പെടുത്തിയത്. മലവെള്ളപ്പാച്ചിലിന്‍റെ ഒഴുക്ക് ഈ ഭാഗത്ത് കുറഞ്ഞിരുന്നെങ്കിലും ചെളിയില്‍ ആഴ്ന്നുപോവുകയായിരുന്നു. മുട്ടോളം ചെളിയില്‍ കുടുങ്ങി നിന്നയാളുടെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. രക്ഷപ്പെടുത്താൻ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദ്യം അടുത്തേക്ക് എത്താനായിരുന്നില്ല. കുടുങ്ങിയ ആള്‍ നിന്നിരുന്ന സ്ഥലത്തിന് സമീപം ഒഴുക്കുണ്ടായിരുന്നെങ്കിലും ഇതിനെ അതിജീവിച്ച് രക്ഷാപ്രവര്‍ത്തകര്‍ ആളുടെ അടുത്തെത്തി ചെളിയില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. മുണ്ടക്കൈ യുപി സ്കൂളിന് സമീപത്ത് നിന്നാണ് ഇയാളെ മണ്ണില്‍ നിന്നും രക്ഷപ്പെടുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam