
തിരുവനന്തപുരം: പിഎസ് സി ചെയര്‍മാന്‍റെ ഔദ്യോഗിക യാത്രകളില്‍ ഭാര്യയുടെ യാത്രാച്ചെലവ് കൂടി സര്‍ക്കാര്‍ വഹിക്കുന്നതിന് അനുമതി തേടി പിഎസ് സി സര്‍ക്കാരിന് കത്തയച്ചു. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരമൊരു കീഴ്വഴക്കം നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പിഎസ് സി സെക്രട്ടറി നല്‍കിയ കത്തിന്മേല്‍ പൊതുഭരണ വകുപ്പ് തീരുമാനമെടുത്തിട്ടില്ല.
ഔദ്യോഗിക യാത്രകളില്‍ പിഎസ് സി ചെയര്‍മാനൊപ്പം ഭാര്യയ്ക്ക് കൂടി ക്ഷണം ലഭിക്കാറുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ പിഎസ് സി ചെയര്‍മാനെ അനുഗമിക്കുന്ന ജീവിത പങ്കാളിയുടെ യാത്ര ചെലവും അതാത് സര്‍ക്കാരുകളാണ് വഹിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇത് സംബന്ധിച്ച് ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ല. ഇക്കാരണത്താല്‍ ഓരോ തവണയും പ്രത്യേക അനുമതിയോടെ ഭാര്യയുടെ യാത്ര ചെലവ് സര്‍ക്കാര്‍ അനുവദിക്കാറാണ് പതിവ്. ഇതിന് പകരം ചെയര്‍മാന്‍ സംസ്ഥാനത്തിനകത്തും പുറത്തും നടത്തുന്ന ഔദ്യോഗിക യാത്രകളില്‍ ഭാര്യയുടെ കൂടി യാത്രാ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കാട്ടിയാണ് പിഎസ് സി സെക്രട്ടറി സാജു ജോര്‍ജ്ജ് ഇക്കഴിഞ്ഞ എട്ടാം തീയതി പൊതു ഭരണ വകുപ്പിന് കത്തയച്ചത്.
നിലവില്‍ ഹൈക്കോടതി ജഡ്ജിമാര്‍, ചീഫ് ജസ്റ്റിസ്, ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരുടെ ജീവിത പങ്കാളിയുടെ യാത്രാച്ചെലവ് വഹിക്കുന്നത് സംബന്ധിച്ച് മാത്രമാണ് സര്‍ക്കാര്‍ ഉത്തരവുളളത്. ഇത് ആദ്യമായാണ് പിഎസ് സിയില്‍ നിന്ന് ഇത്തരമൊരാവശ്യം സംസ്ഥാന സര്‍ക്കാരിനു മുന്നിലെത്തുന്നത്. പിഎസ് സി സെക്രട്ടറി നല്‍കിയ കത്തിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ വൈകാതെ തീരുമാനമെടുത്തേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam