
തിരുവനന്തപുരം: കത്ത് ചോർച്ച വിവാദം രണ്ട് വ്യക്തികൾ തമ്മിലുള്ള പ്രശ്നമായി ഒതുക്കാനും മാധ്യമങ്ങളെ വിമർശിച്ച് നീങ്ങാനും സിപിഎം. സംസ്ഥാന സെക്രട്ടറിക്ക് പൂർണ്ണ പിന്തുണ നൽകുന്ന നേതാക്കൾ കത്തിലെ സാമ്പത്തിക ആരോപണങ്ങളിൽ മൗനം തുടരുകയാണ്. എംവി ഗോവിന്ദനോട് ആദരവാണെന്ന് പറഞ്ഞ മുഹമ്മദ് ഷെർഷാദ് അയച്ച ഇ മെയിൽ പുറത്തുവിട്ട് പരാതിക്കാരന് വിശ്വാസ്യത ഇല്ലെന്ന് കാണിക്കാനും പാർട്ടി കേന്ദ്രങ്ങളുടെ നീക്കമുണ്ട്.
രാജേഷ് കൃഷ്ണക്കെതിരെ പരാതി കിട്ടിയെന്ന് മധുര പാർട്ടി കോൺഗ്രസ്സിനിടെ സ്ഥിരീകരിച്ച എളമരം കരീം ഇന്ന് പറയുന്നത് എല്ലാം ശുദ്ധ അംസബന്ധമെന്നാണ്. പാർട്ടി കടുത്ത വെട്ടിലാണെങ്കിലും നേതാക്കളെല്ലാം കൂട്ടത്തോടെ വിവാദത്തെ പുച്ഛിച്ചും മാധ്യമങ്ങളെ പഴിച്ചും ഒഴിഞ്ഞുമാറുകയാണ്. പരാതി രഹസ്യരേഖയല്ലെന്നാണ് ആവർത്തിക്കുന്നത്. അപ്പോഴും നേതാക്കൾ ഉൾപ്പെട്ട സാമ്പത്തിക ഇടപാടുകളെകുറിച്ചുള്ള ആക്ഷേപങ്ങളിൽ മൗനമാണ്.
ഷെർഷാദും രാജേഷ് കൃഷ്ണയും തമ്മിലെ തർക്കം മാത്രമാക്കി ഒതുക്കുകയാണ് പാർട്ടി. എന്നാൽ ഷെർഷാദിനെ തള്ളുന്ന പാർട്ടി രാജേഷ് കൃഷ്ണക്കെതിരെ ഒന്നും പരാമർശിക്കുന്നില്ല. ഓൺലൈൻ മാധ്യമത്തിന് നേരത്തെ അനുവദിച്ച അഭിമുഖത്തിന്റെ പേരിൽ മുഹമ്മദ് ഷെർഷാദ് എംവി ഗോവിന്ദന് ഇ മെയിൽ അയച്ചിരുന്നു. പാർട്ടി കേസിന് നീങ്ങുന്ന ഘട്ടത്തിലായിരുന്നു മെയിൽ. പരാതി ഉന്നയിച്ചത് രാജേഷ് കൃഷ്ണയുടെ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണെന്നാണ് ഇ മെയിൽ. ഗോവിന്ദനോട് ആദരവാണുള്ളതെന്ന് പറയുന്ന മെയിലിലെ വിവരങ്ങൾ പുറത്ത് വിട്ടാണ് ഷെർഷാദിൻറെ പക്കൽ തെളിവില്ലെന്ന് സ്ഥാപിക്കാനുള്ള പാർട്ടി കേന്ദ്രങ്ങളുടെ ശ്രമം.