ലൈഫ് മിഷൻ കേസ്; യൂണിടാക് ഉടമയിൽ നിന്ന് രേഖകൾ സിബിഐ പിടിച്ചെടുത്തു; ലൈഫ് മിഷൻ സിഇഒയെയും ചോദ്യം ചെയ്യും

By Web TeamFirst Published Sep 26, 2020, 10:22 AM IST
Highlights

നിർമ്മാണ കമ്പനിയായ യൂണിടാകിന്റെ ഉടമ സന്തോഷ് ഈപ്പനിൽ നിന്ന് ഭൂമി ഇടപാടിന്റേത് ഉൾപ്പെടയുള്ള രേഖകൾ സിബിഐ പിടിച്ചെടുത്തു.  കമ്മീഷൻ ഇടപാടുമായി ബന്ധപ്പെട്ട ബാങ്ക് രേഖകളും കസ്റ്റഡിയിലെടുത്തു.

കൊച്ചി: ലൈഫ് മിഷൻ ക്രമക്കേട് അന്വേഷണവുമായി ബന്ധപ്പെട്ട് നിർമ്മാണ കമ്പനിയായ യൂണിടാകിന്റെ ഉടമ സന്തോഷ് ഈപ്പനിൽ നിന്ന് ഭൂമി ഇടപാടിന്റേത് ഉൾപ്പെടയുള്ള രേഖകൾ സിബിഐ പിടിച്ചെടുത്തു.  കമ്മീഷൻ ഇടപാടുമായി ബന്ധപ്പെട്ട ബാങ്ക് രേഖകളും കസ്റ്റഡിയിലെടുത്തു. മൂന്ന് ബാങ്കുകളിലൂടെ യൂണിടാകിന് റെഡ്ക്രസന്റ് നേരിട്ട് പണം നൽകി എന്നാണ് കണ്ടെത്തൽ. ഇങ്ങനെ പണം കൈമാറുന്നത് വിദേശ നാണയ നിയന്ത്രണ ചട്ടത്തിന്റെ ലംഘനമാണ്. അടുത്ത പടിയായി സിബിഐ ലൈഫ് മിഷൻ സിഇഒ യു വി ജോസിനെ ചോദ്യം ചെയ്യും.

കഴിഞ്ഞ രണ്ടാഴ്ചയായി സിബിഐ ഈ കേസ് സംബന്ധിച്ച പ്രാഥമിക അന്വേഷണം നടത്തിവരികയായിരുന്നു. ഇതിൽ തെളിവുകൾ ലഭിച്ചതിനെത്തുടർന്നാണ് അനിൽ അക്കര എംഎൽഎയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതെത്തുടർന്നാണ് നിർമ്മാണ കമ്പനികളായ യൂണിടാക്, സെയ്ന്റ് വെഞ്ചേഴ്സ് എന്നവയുടെ ഓഫീസുകളിലും ഉടമകളുടെ വീടുകളിലും സിബിഐ റെയ്ഡ് നടത്തിയത്. ഈ റെയ്ഡിലാണ് നിർണ്ണായക രേഖകൾ സിബിഐ പിടിച്ചെടുത്തിരിക്കുന്നത്. 

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ, കരാർ‌ സംബന്ധിച്ച രേഖകൾ, ഭൂമി ഇടപാട് സംബന്ധിച്ച രേഖകൾ എന്നിവയെല്ലാം തന്നെ സിബിഐ കസ്റ്റഡിയിലെടുത്തു. നേരത്തെ എൻഐഎ, കസ്റ്റംസ്, എൻഫോഴ്സ്മെന്റ് എന്നിവരും സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തിരുന്നു. 20 കോടി രൂപയുടെ പദ്ധതിയിൽ 26 ശതമാനം താൻ കമ്മീഷനായി നൽകിയിട്ടുണ്ട് എന്നായിരുന്നു സന്തോഷ് ഈപ്പന്റെ മൊഴി. സ്വപ്ന സുരേഷ്, സരിത്, സന്ദീപ്, യദു എന്നിവർക്ക് ആറ് ശതമാനവും യുഎഇ കോൺസുൽ ജനറലിന് 20 ശതമനാവും കമ്മീഷൻ നൽകിയെന്നാണ് മൊഴി. 

click me!