
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടപടി. ബിനീഷിന്റെ സ്വത്തു വകകൾ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് കാണിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷൻ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്.
ബിനീഷിൻ്റെ മുഴുവൻ ആസ്തിയും സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി ബാങ്കുകൾക്കും ഇഡി നോട്ടീസ് നൽകി. ആസ്തി വിവരം ലഭിച്ച ശേഷം ബിനീഷിനെതിരെ കൂടുതൽ നടപടികളുണ്ടാവും എന്നാണ് ഇഡി വ്യക്തമാക്കുന്നത്.
ഈ മാസം ഒൻപതിന് ബിനീഷിനെ എൻഫോഴ്സ്മെൻ്റ് 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഈ മൊഴി വിശദമായി പരിശോധിച്ച ശേഷമാണ് എൻഫോഴ്സ്മെൻ്റ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. സ്വർണക്കടത്ത് കേസ് അന്വേഷിച്ചു കൊണ്ടിരുന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പ്രതികളുടെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.
ഇതിനിടെയാണ് കർണാടക മയക്കുമരുന്ന് കേസിലെ പ്രതികളും സ്വർണക്കടത്ത് കേസ് പ്രതികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തെളിവ് ലഭിച്ചത്. ബെംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് അനൂപും ബിനീഷും തമ്മിൽ അടുത്ത ബന്ധമുള്ളതായും ബിസിനസ് ബന്ധങ്ങളുണ്ടെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
( ബിനീഷ് കോടിയേരിക്കെതിരെ ഇഡി നടപടി എന്ന വാര്‍ത്ത നേരത്തെ കൊടുത്തതില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ബിനീഷ് കോടിയേരി എന്ന് തെറ്റായി നല്‍കിയിരുന്നു. അത്തരമൊരു തെറ്റ് സംഭവിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നു)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam