
തിരുവനന്തപുരം: വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക രേഖകളെല്ലാം വിജിലൻസ് കസ്റ്റഡയിലാണ്. ലൈഫ് മിഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പ്രത്യേക കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നിർണായക രേഖകൾ വിജിലൻസ് ശേഖരിച്ചത്.
ലൈഫ് പദ്ധതി ഉൾപ്പെടെ എല്ലാ ഫയലുകളും നിലവിൽ വിജിലൻസിൻ്റെ കസ്റ്റഡിയിലാണ്. ലൈഫ് മിഷൻ്റെ ഓഫീസിൽ നിന്നും രണ്ട് ഫയലുകൾ വിജിലൻസ് കസ്റ്റഡിയിലെടുത്തു. നിയമോപദേശം ഉൾപ്പെടെയുളള ഫയലാണ് സെക്രട്ടറിയേറ്റിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ രേഖകൾ നൽകാൻ സർക്കാർ തയ്യാറായിരുന്നില്ല.
ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ച് ഉയർന്ന ആരോപണങ്ങൾ പരിശോധിച്ച് അവയിൽ കഴമ്പുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് വിജിലൻസിനോട് സർക്കാർ ആവശ്യപ്പെട്ടിരുന്നത്. ഇതിനു പിന്നാലെയാണ് കേസിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ച കേസിൽ ഇനി വിജിലൻസിൻ്റെ അന്വേഷണം അപ്രസക്തമാണെങ്കിലും വിജിലൻസിൻ്റെ കൈവശമുള്ള നിർണായകഫയലുകൾ കിട്ടാതെ സിബിഐക്ക് അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനാകില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam