കൊച്ചി: ലൈഫ് മിഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാലത്തേക്ക് സ്റ്റേ അനുവദിച്ച് ഹൈക്കോടതി. രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. എന്നാൽ സന്തോഷ് ഈപ്പനെതിരായ അന്വേഷണവുമായി മുന്നോട്ട് പോകാം. ജസ്റ്റിസ് വി ജി അരുണിന്‍റെ സിംഗിൾ ബഞ്ചിന്‍റേതാണ് വിധി. സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി പരിഗണിച്ചാണ് തീരുമാനം. സുപ്രിംകോടതിയിലെ മുൻ അഡീഷണൽ സോളിസിറ്റര്‍ ജനറൽ അഡ്വ . കെവി വിശ്വനാഥനെ ഓൺലൈനായി എത്തിച്ചാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ വാദം ഉന്നയിച്ചത്. സര്‍ക്കാരിന് വലിയ ആശ്വസമാണ് ഹൈക്കോടതി വിധി.
ലൈഫ് പദ്ധതിക്കായി കേന്ദ്ര സർക്കാർ ചട്ടങ്ങൾ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്. ലൈഫ് മിഷനേയും കരാറുകാരായ യൂണിടാക്കിനേയും പ്രതിചേർത്തുളള അന്വേഷണം തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ്.
വിദേശ വിനിമയ നിയന്ത്രണ ചട്ടത്തിന്‍റെ ലംഘനം നിലനിന്നേക്കില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിക്കെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. എന്നാൽ യുണിടാക്കുമായി ബന്ധപ്പെട്ടും സന്തോഷ് ഈപ്പനെതിരെയും ഉള്ള ആരോപണങ്ങളിൽ അന്വേഷണം തുടരാമെന്നാണ് പറയുന്നത്. രണ്ട് സ്വകാര്യ കക്ഷികൾക്കിടയിലാണ് കരാറെന്നും സര്‍ക്കാരോ സര്‍ക്കാരിന്‍റെ ഏജൻസിയായ ലൈഫ് മിഷനോ ബന്ധമില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. യുണിടാക്കുമായി ബന്ധപ്പെട്ട അന്വേഷണവുമായി മുന്നോട്ട് പോകുമ്പോൾ അതിൽ ഏതെങ്കിലും ഘട്ടത്തിൽ സര്‍ക്കാറോ ലൈഫ് മിഷനോ കക്ഷിയാകുണെങ്കിൽ മാത്രമെ അന്വേഷണം സിബിഐക്ക് അത്തരത്തിലേക്ക് മാറ്റാൻ കഴിയു.
സര്‍ക്കാര്‍ വാദത്തിന് വലിയ വിജയമാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായത്. ലൈഫ് പദ്ധതിക്കായി കേന്ദ്ര സർക്കാർ ചട്ടങ്ങൾ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്. ലൈഫ് മിഷനേയും കരാറുകാരായ യൂണിടാക്കിനേയും പ്രതിചേർത്തുളള അന്വേഷണം തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ് വന്നിരിക്കുന്നത്. സർക്കാരിനൊപ്പം യൂണിടാക് ഉടമ സന്തോഷ് ഈപ്പനും കോടതിയെ സമീപിച്ചിരുന്നു. നേരിട്ട് വിദേശ സഹായം കൈപ്പറ്റിയിട്ടില്ലെന്നും പദ്ധതിക്കായി സ്ഥലം അനുവദിക്കുകമാത്രമാണ് ചെയ്തതെന്നുമാണ് സംസ്ഥാന സർക്കാർ നിലപാട്.
ലൈഫ് മിഷൻ ക്രമക്കേടിൽ അഴിമതി നടന്നെന്ന് സിബിഐ ഹൈക്കോടതിയിൽ വാദിച്ചിരുന്നു. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് കമ്മീഷനായി നൽകിയ പണവും ഐഫോണും കൈക്കൂലിയായി കണക്കാക്കണമെന്നും സിബിഐ അറിയിച്ചു. എന്നാൽ ഇടപാട് FCRA നിയമത്തിന്‍റെ പരിധിയിൽ വരുമോ എന്ന് സിബിഐ വിശദീകരിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് വിധി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam