
തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ വിവാദ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മിക്കുന്ന യൂണിട്ടാക്കുമായി ബന്ധമില്ലെന്ന സർക്കാർ വാദം വീണ്ടും പൊളിയുന്നു. ഫ്ളാറ്റ് നിർമ്മിക്കുന്ന സ്ഥലത്തെ മരം മുറി മുതൽ രൂപരേഖാ കൈമാറ്റത്തിന് വരെ ലൈഫ് മിഷനും യൂണിട്ടാക്കും തമ്മിൽ നടത്തിയ ഇ-മെയിൽ സന്ദേശങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. പദ്ധതിക്കാവശ്യമായ തുടർ അനുമതികൾ നേടാൻ എല്ലാ സഹായങ്ങളും ലൈഫ് മിഷൻ യൂണിട്ടാക്കിന് വാഗ്ദാനം നൽകി.
ലൈഫിലെ വൻ കോഴയുടെ വിവരം പുറത്ത് വന്നപ്പോൾ യൂണിട്ടാക്കിന്‍റെ കാര്യത്തിൽ എല്ലാ ബാധ്യതയും റെഡ് ക്രസന്‍റിനാണെന്നായിരുന്നു സർക്കാർ വിശദീകരണം. എന്നാൽ ലൈഫ് മിഷൻ സിഇഒ യൂണിടാക്കിന് പകർപ്പ് വെച്ച് റെഡ് ക്രസന്‍റിന് അയച്ച കത്ത് ഏഷ്യാനെറ്റ് ന്യൂസ് അവറിലൂടെ നേരത്തെ പുറത്തുവിട്ടത് എല്ലാം സർക്കാർ അറിഞ്ഞുവെന്നതിന്‍റെ പ്രധാന തെളിവായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 26ന് അയച്ച കത്തിൽ യൂണിടാക്കിന്‍റെ രൂപരേഖയിൽ സംതൃപ്തി ലൈഫ് മിഷൻ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ആ കത്ത് അയക്കും മുമ്പെ നിരവധി വട്ടം യൂണിടാക്കും ലൈഫ് മിഷനും തമ്മിൽ ആശയ വിനിമയം നടത്തിയതിൻറെ തെളിവുകൾ കൂടിയാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 17നാണ് യൂണിടാക്ക് അഡ്മിൻ മാനേജർ മനീഷ് രൂപരേഖ ലൈഫ് മിഷന് നൽകുന്നത്. പിന്നാലെ ഫ്ലാറ്റ് നിർമ്മിക്കുന്ന സ്ഥലത്തെ വിലയേറിയ മരങ്ങൾ മുറിക്കില്ലെെന്ന് ഉറപ്പ് നൽകിയ 22ന് ഇ മെയിൽ. അന്ന് തന്നെ ലൈഫ് മിഷൻ യൂണിടാക്കിന് നൽകുന്ന മറുപടിയിൽ രൂപരേഖയിൽ ആദ്യമായി സംതൃപ്തി രേഖപ്പെടുത്തുന്നു. ഒപ്പം നിർമ്മാണവുമായി മുന്നോട്ട് പോകാമെന്ന അനുമതിയും.
പദ്ധതിക്കുള്ള തുടർഅനുമതികൾക്ക് സഹായം നൽകാമെന്ന ലൈഫിന്‍റെ ഉറപ്പും യൂണിടാക്കിന് കിട്ടി. കഴിഞ്ഞ ജൂലൈ 11ന് ധാരണാപത്രവും 31ന് നിർമ്മാണ കരാറും ഒപ്പിട്ടശേഷം നടപടികൾ നീങ്ങിയത് അതിവേഗമാണ്. ചുരുക്കത്തിൽ കരാർ നേടിയതിൽ ദുരൂഹതയുള്ള, സ്വപ്ന സുരേഷിനടക്കം കോടികൾ കമ്മീഷൻ നൽകിയ യൂണിടാക്ക് ലൈഫ് മിഷനും പ്രിയപ്പെട്ട കമ്പനിയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam