ലൈഫ് മിഷനിലും കുടുങ്ങുമോ ശിവശങ്കർ? യു വി ജോസിനെയും സന്തോഷ് ഈപ്പനെയും ഇഡി ചോദ്യം ചെയ്യുന്നു

By Web TeamFirst Published Oct 31, 2020, 12:41 PM IST
Highlights

ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം ശിവശങ്കറിന്‍റേത് കൂടിയാണോ എന്ന് തെളിയിക്കാനാണ് മൂവരെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നത്. എന്നാൽ കള്ളപ്പണ ഇടപാടിലോ ഗൂഡാലോചനയിലോ തനിക്ക് പങ്കില്ലെന്ന് ശിവശങ്കർ ആവർത്തിക്കുന്നുണ്ട്. 

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടിൽ സിഇഒ യു വി ജോസ്, യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ എന്നിവരെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നു. കള്ളപ്പണ ഇടപാടിൽ എം ശിവശങ്കറിന്‍റെ പങ്കാളിത്തം, ഗൂഡാലോചന എന്നിവയിലാണ്  ചോദ്യം ചെയ്യൽ.  സ്വപ്ന സുരേഷിനെയും ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യാൻ ഇഡി നിയമ നടപടി തുടങ്ങി.

വടക്കാഞ്ചേരി ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപയുടെ കമ്മീഷൻ നൽകിയെന്നാണ് സന്തോഷ് ഈപ്പന്‍റെ മൊഴി. കമ്മീഷൻ  തുക നൽകിയപ്പോൾ മാത്രമാണ് ലൈഫ് മിഷന്‍റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന എം ശിവശങ്കറിനെ കാണാൻ സ്വപ്ന ആവശ്യപ്പെട്ടത്. അതിനാൽ ലൈഫ് മിഷൻ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്‍റെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഡാലോചന നടന്നെന്നാണ് ഇഡി കരുതുന്നത്. 

കോഴ ഇടപാടിൽ ശിവശങ്കറിന്‍റെ പങ്കാളിത്തം അന്വേഷിക്കുന്നതിനാണ് ലൈഫ് മിഷൻ സിഇഒ യുവി ജോസ്, യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ എന്നിവരെ വിളിച്ചുവരുത്തിയത്. ശിവശങ്കറാണ് യുവി ജോസിനോട് സന്തോഷ് ഈപ്പന് വേണ്ട സഹായം ചെയ്യാൻ നിർദ്ദേശം നൽകുന്നത്. കരാർ നൽകിയത് വഴി സ്വപ്നയ്ക്ക് ലഭിച്ച കമ്മീഷൻ തുക ശിവശങ്കറിന്‍റെ സുഹൃത്തായ വേണുഗോപാലിന്‍റെയും സ്വപ്ന സുരേഷിന്‍റെയും സംയുക്ത ലോക്കറിൽ നിന്ന് കണ്ടെത്തിയിരുന്നു. 

ഈ പണം ശിവശങ്കറിന്‍റേത് കൂടിയാണോ എന്ന് തെളിയിക്കാനാണ് മൂവരെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നത്. മാത്രമല്ല കരാർ ലഭിച്ചതിന്‍റെ സന്തോഷ് സൂചകമായി സ്വപ്നയ്ക്ക് സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണിൽ ഒന്ന് ശിവശങ്കറിന് ലഭിച്ചിട്ടുണ്ട്. എന്നാൽ കള്ളപ്പണ ഇടപാടിലോ ഗൂഡാലോചനയിലോ തനിക്ക് പങ്കില്ലെന്ന് ശിവശങ്കർ ആവർത്തിക്കുന്നുണ്ട്. 

ഇതിനിടെ കള്ളപ്പണ കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത് എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ഇഡി കോടതിയെ സമീപിച്ചു. ശിവശങ്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ വേണമെന്നാണ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ  ഇഡി വ്യക്തമാക്കുന്നത്. സ്വർണ്ണക്കടത്ത് സംഘത്തിനായി ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെന്ന് സമ്മതിച്ചിരുന്നു. ഇതിന് ശിവശങ്കറിന് ലാഭം ഉണ്ടായിട്ടുണ്ടോ എന്ന് കൂടി ഇഡി പരിശോധിക്കുന്നുണ്ട്. 

click me!