'യുണിടാക്കിന് എല്ലാ സഹായവും ചെയ്യണം'; ശിവശങ്കറിനെതിെര എഞ്ചിനീയറുടെ മൊഴി

By Web TeamFirst Published Oct 9, 2020, 8:23 PM IST
Highlights

യുണിടാക്കിന് സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായവും ചെയ്യണമെന്ന് ശിവശങ്കർ ആവശ്യപ്പെട്ടു എന്നാണ് മൊഴി. ശിവശങ്കർ വിളിച്ചപ്പോഴാണ് യുണിടാക്കിനെ കുറിച്ച് അറിയുന്നതെന്നും എഞ്ചിനീയറുടെ മൊഴിയില്‍ പറയുന്നു.

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിക്കേസില്‍ എം ശിവശങ്കറിനെതിരെ എഞ്ചിനീയറുടെ മൊഴി. യുണിടാക്കിന് എല്ലാ സഹായവും ചെയ്യാൻ എം ശിവശങ്കർ പറഞ്ഞുവെന്നാണ് മൊഴി. വടക്കാഞ്ചേരി പദ്ധതിയുടെ ചുമതലയുള്ള വനിത എഞ്ചിനീയറാണ് വിജിലൻസിന് മൊഴി നൽകിയത്. പ്രധാന കരാർ ഒപ്പിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ശിവശങ്കർ ഫോണിൽ വിളിച്ചത്. സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായവും ചെയ്യണമെന്ന് ശിവശങ്കർ ആവശ്യപ്പെട്ടു. ശിവശങ്കർ വിളിച്ചപ്പോഴാണ് യുണിടാക്കിനെ കുറിച്ച് അറിയുന്നതെന്നും എഞ്ചിനീയറുടെ മൊഴിയില്‍ പറയുന്നു.

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് സ്വർണകടത്തുകേസിലെ പ്രതി സന്ദീപ് നായരുടെ സുഹൃത്ത് യദുവിനെയും വിജിലൻസ് ചോദ്യം ചെയ്തു. ഫ്ലാറ്റ് നിർമ്മാണത്തിന്റെ കരാർ ലഭിച്ച യുണിടാക്കിലെ ജീവനക്കാരനായിരുന്നു യദു. സന്ദീപ് വഴി സ്വപ്നയെ പരിചയപ്പെടാൻ സഹായിച്ചത് യദുവാണെന്ന് സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. മാത്രമല്ല കരാർ ലഭിക്കാനായി 60 ലക്ഷം രൂപ സന്ദീപിന് നൽകിയിലെന്നും മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയതത്. 

സന്ദീപിന് ലഭിച്ച കമ്മീഷനിൽ നിന്നും തനിക്കുള്ള വിഹിതം നൽകിയില്ലെന്നാണ് യദുവിന്റെ മൊഴിയെന്നാണ് സൂചന. പക്ഷെ കരാ‍ർ ലഭിക്കാൻ കൈക്കൂലി നൽകിയെന്ന് യദുവും അന്വേഷണ സംഘത്തോട് പറഞ്ഞുവെന്നാണ് വിവരം. വടക്കാ‌‌ഞ്ചേരിയിൽ നിർമ്മാണം നടക്കുന്ന ഫ്ലാറ്റ് അന്വേഷണ സംഘം പരിശോധിക്കും. വടക്കാഞ്ചേരി നഗരസഭയിലെ ജീവനക്കാരെയും ചോദ്യം ചെയ്യും.

click me!