ലൈഫ് മിഷൻ വിവാദ രേഖകൾ കോടതി നിർദ്ദേശമില്ലാതെ സിബിഐക്ക് കൈമാറേണ്ടെന്ന് വിജിലൻസ്

By Web TeamFirst Published Oct 6, 2020, 1:44 PM IST
Highlights

രേഖകളെല്ലാം വിജിലൻസ് സംഘം തിരുവനന്തപുരത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടരന്വേഷണത്തിനായി കോടതി തന്നെ ഈ രേഖകൾ അന്വേഷണ സംഘത്തിന് നൽകി.ഈ സാഹചര്യത്തിൽ കോടതി ഇടപെട്ടാൽ മാത്രം രേഖകൾ നൽകാം എന്നാണ് വിജിലൻസ് നിലപാട്.

തിരുവനന്തപുരം: ലൈഫ് മിഷൻ വിവാദ രേഖകൾ സിബിഐക്ക് കൈമാറേണ്ടെന്ന് വിജിലൻസ്. കോടതിയിൽ ഹാജരാക്കിയ രേഖകൾ ഇനി കോടതി നിർദ്ദേശം ഇല്ലാതെ നൽകേണ്ട എന്നാണ് തീരുമാനം. തുടരന്വേഷണവുമായി ബന്ധപ്പെട്ട് സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാൻ വിജിലൻസ് നീക്കം തുടങ്ങി

ലൈഫ് മിഷൻ കോഴത്തട്ടിപ്പിൽ സിബിഐ അന്വേഷണത്തിന് തൊട്ട് മുമ്പ് നാടകീയമായാണ് സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. സിബിഐ എത്തുന്നതിന് മുമ്പ് തന്നെ ലൈഫ് മിഷൻ ആസ്ഥാനത്ത് എത്തി വിജിലൻസ് സംഘം കരാറുമായി ബന്ധപ്പെട്ട രേഖകളും കൈവശപ്പെടുത്തി. ഇതേ രേഖകൾ സിബിഐ അന്വേഷണത്തിലും ഏറെ പ്രധാനമാണ്. എന്നാൽ കേന്ദ്ര ഏജൻസി ആവശ്യപ്പെട്ടതു കൊണ്ട് മാത്രം ഈ രേഖകൾ വിട്ടു നൽകില്ല. രേഖകളെല്ലാം വിജിലൻസ് സംഘം തിരുവനന്തപുരത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. 

തുടരന്വേഷണത്തിനായി കോടതി തന്നെ ഈ രേഖകൾ അന്വേഷണ സംഘത്തിന് നൽകി.ഈ സാഹചര്യത്തിൽ കോടതി ഇടപെട്ടാൽ മാത്രം രേഖകൾ നൽകാം എന്നാണ് വിജിലൻസ് നിലപാട്.ലൈഫ് ധാരണാപത്രം, ഇതിലേക്ക് നയിച്ച മറ്റ് രേഖകൾ, നിയമവകുപ്പിന്‍റേതടക്കം വിവാദമായ ഫയലുകൾ എല്ലാം ഇതിൽ ഉൾപ്പെടുന്നു. അടിസ്ഥാന രേഖകളില്ലാതെ എങ്ങനെ സിബിഐ അന്വേഷണം മുന്നോട്ട് പോകും എന്ന ചോദ്യവും ബാക്കി. അതെ സമയം ലൈഫ് കോഴതട്ടിപ്പിൽ സ്വപ്ന സുരേഷിനെയും സന്ദീപിനെയും ചോദ്യം ചെയ്യാനായി എൻഐഎ കോടതിയെ വിജിലൻസ് സമീപിക്കും. സന്തോഷ് ഈപ്പന്‍റെയും സ്വപ്ന സുരേഷിന്‍റെയും സന്ദീപിന്‍റെയും ബാങ്ക് വിശദാംശങ്ങളും വിജിലൻസ് തേടിയിരുന്നു.

click me!