Latest Videos

ലൈഫ് മിഷൻ റെഡ് ക്രസന്‍റുമായി കരാർ ഒപ്പിട്ടത് അടക്കമുള്ള യോഗങ്ങൾക്ക് മിനിട്സുമില്ല

By Web TeamFirst Published Aug 20, 2020, 8:21 PM IST
Highlights

യൂണിടെക് എന്ന കമ്പനിക്ക് നിർമാണക്കരാർ നൽകിയത് റെഡ് ക്രസന്‍റ് ആണെന്നാണ് ലൈഫ് മിഷൻ സിഇഒ യു വി ജോസ് മറുപടി നൽകുന്നത്. കരാർ ഒപ്പു വയ്ക്കുന്നതും അതിന് മുമ്പും നടന്ന യോഗങ്ങൾക്കൊന്നും മിനുട്സുണ്ടായിരുന്നില്ല.

കൊച്ചി: ലൈഫ് പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണം നടത്തുന്നത് സംബന്ധിച്ചുള്ള ഒരു യോഗത്തിനും മിനുട്സ് ഇല്ലെന്ന് ലൈഫ് മിഷൻ സിഇഒ യു വി ജോസ്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നൽകിയ നോട്ടീസിന് നൽകിയ മറുപടിയിലാണ് സിഇഒ ഇക്കാര്യം പറയുന്നത്. യൂണിടെക് എന്ന കമ്പനിക്ക് നിർമാണക്കരാർ നൽകിയത് റെഡ് ക്രസന്‍റ് ആണെന്നും യു വി ജോസ് മറുപടിയിൽ വ്യക്തമാക്കുന്നു. 

ലൈഫ് മിഷനും റെഡ് ക്രസന്‍റും തമ്മിലുള്ള ധാരണാപത്രം വളരെ ദുർബലമാണെന്ന ആരോപണമുയർന്നിരുന്നു. ഇ കരാർ ഒപ്പുവച്ച യോഗത്തിന്‍റെ മിനിട്സാണ് സൂക്ഷിച്ചിട്ടില്ലെന്ന് ലൈഫ് മിഷൻ സിഇഒ വിശദീകരിക്കുന്നത്. 

മെയ് 12-നാണ് എൻഫോഴ്സ്മെന്‍റ് ലൈഫ് മിഷന് മൂന്ന് ചോദ്യങ്ങളടങ്ങിയ നോട്ടീസ് ലൈഫ് മിഷന് നൽകുന്നത്. റെഡ് ക്രസന്‍റുമായി ഒപ്പുവച്ച കരാർ എന്ത്? അതിന്‍റെ നിർമാണക്കരാർ അടക്കമുള്ള വിശദാംശങ്ങൾ എന്ത്? ഇതിന്‍റെ മിനിട്സ് നൽകാമോ എന്നാണ് ചോദിച്ചത്. 

ധാരണാപത്രത്തിന്‍റെ പകർപ്പ് ലൈഫ് മിഷൻ നൽകിയിട്ടുണ്ട്. യൂണിടാക്കിന് കരാർ നൽകിയത് റെഡ് ക്രസന്‍റ് നേരിട്ടാണ്. ഇതിന്‍റെ വിശദാംശങ്ങൾ സർക്കാരിന്‍റെ പക്കലില്ല എന്നാണ് സിഇഒ വിശദീകരിക്കുന്നത്. ഒപ്പം കരാർ ഒപ്പുവച്ച യോഗത്തിന്‍റെ മിനിട്സുമില്ല എന്നും ലൈഫ് മിഷൻ സിഇഒ എൻഫോഴ്സ്മെന്‍റിനോട് പറയുന്നു.

സർക്കാർ ഭൂമിയിലെ ഫ്ലാറ്റ് നിർമ്മാണത്തിൽ സ്വപ്ന സുരേഷും ഈജിപ്ഷ്യൻ പൗരനുമെല്ലാം കോടിക്കണക്കിന് രൂപ കമ്മീഷൻ നേടാൻ ഇടയാക്കിയത് സ‍ർക്കാറിന്‍റെ പിടിപ്പ് കേട് മൂലമാണെന്ന് തെളിയിക്കുന്ന ധാരണാപത്രം പുറത്തുവന്നിരുന്നു. ലൈഫ് മിഷനും റെഡ് ക്രസന്‍റും തമ്മിലുണ്ടാക്കിയ ധാരണപത്രം അതീവദുർബലമാണ്. ഫ്ലാറ്റും ആശുപത്രിയും പണിയാമെന്ന് ധാരണയുണ്ടാക്കിയെങ്കിലും തുടർക്കരാറുകൾ ഒന്നും ഒപ്പിട്ടില്ല. യൂണിടാക്കിന് വർക്ക് ഓർഡർ നൽകിയതായും പറയുന്നില്ല. വിദേശസ്ഥാപനങ്ങളിൽ നിന്നും പണം സ്വീകരിക്കുമ്പോൾ കൈക്കൊള്ളേണ്ട മാനദണ്ഡങ്ങളും പാലിച്ചില്ല എന്നാണ് ധാരണാപത്രത്തിൽ നിന്ന് വ്യക്തമാകുന്നത്. 

click me!