മദ്യവില വര്‍ധനയില്‍ തീരുമാനമായി; ബിയറിനും വൈനിനും വില വര്‍ധനയില്ല, പുതുക്കിയ വില ഫെബ്രുവരി ഒന്നുമുതല്‍

By Web TeamFirst Published Jan 13, 2021, 5:57 PM IST
Highlights

പുതുക്കിയ വില ഫെബ്രുവരി 1 ന് പ്രാബല്ല്യത്തില്‍ വരും. വില വർധന സ്ഥിരീകരിച്ച് വിതരണക്കാർക്ക് ബെവ്കോ കത്ത് അയച്ചു. 
 

തിരുവനന്തപുരം: സംസ്ഥാനത്തെ  മദ്യവില വര്‍ധനയില്‍ തീരുമാനമായി. നിലവില്‍ ബെവ്കോയുമായി കരാറുണ്ടായിരുന്ന വിതരണക്കാര്‍ക്ക് ഈ വര്‍ഷം അടിസ്ഥാനവിലയില്‍ 7 ശതമാനം വര്‍ധന അനുവദിച്ചു. ബിയറിനും വൈനും വില കൂടില്ല. രണ്ട് ദിവസത്തിനുള്ളില്‍ സമ്മതപത്രം നല്‍കണമെന്നാവശ്യപ്പെട്ട് വിതരണ കമ്പനികള്‍ക്ക് ബെവ്കോ കത്തയച്ചു.

മദ്യ ഉത്പാദനത്തിനുള്ള അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ അഥവാ സ്പിരിറ്റിന്‍റെ വില വര്‍ധന കണക്കിലെടുത്ത് മദ്യത്തിന് വില കൂട്ടണമെന്ന് വിതരണ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. പോയവര്‍ഷം കമ്പനികള്‍ പുതിയ ടെണ്ടര്‍ സമര്‍പ്പിച്ചെങ്കിലും കൊവിഡ് കണക്കിലെടുത്ത് തീരുമാനം നീട്ടിവെയ്ക്കുകയായിരുന്നു.

നിലവില്‍ ബെവ്കോയുമായി കരാറുള്ള കമ്പനികളുടെ ഈ വര്‍ഷത്തേക്കുള്ള വിതരണ കരാറില്‍ പരമാവധി 7 ശതമാനം വര്‍ധനയാണ് ബെവ്കോ പ്രഖ്യാപിച്ചിരിക്കുന്നത്.  ഈ വര്‍ഷം ടെണ്ടര്‍ നല്‍കിയ പുതിയ ബ്രാന്‍ഡുകള്‍ക്ക് വാഗ്‍ദാനം ചെയ്ത തുകയില്‍ 5 ശതമാനം കുറച്ച് കരാര്‍ നല്‍കും. ബിയറിനും വൈനിനും വില വര്‍ധനയില്ല. പോയവര്‍ഷത്തെ നിരക്കില്‍  തന്നെ ബെവ്കോയ്ക്ക് വിതരണം ചെയ്യണം. മദ്യത്തിന്‍റെ ചില്ലറ വില്‍പ്പന പത്തിന്‍റെ ഗുണിതങ്ങളായി നിജപ്പെടുത്തും. 

നിലവിലുള്ള ബ്രാന്‍ഡുകള്‍ പേരിനൊപ്പം സ്ട്രോങ്ങ്, പ്രീമിയം, ഡിലക്സ് എന്ന് പേര് ചെര്‍ത്ത് പുതിയ ടെണ്ടര്‍ നല്‍കിയിട്ടുണ്ടെങ്കിലും അവയ്ക്ക് വില വര്‍ധന അനുവദിക്കില്ല. ബെവ്കോ തീരുമാനം വിതരണക്കാരെ രേഖാ മൂലം അറിയിച്ചു. താത്പര്യമുള്ള വിതരണക്കാര്‍ വെള്ളിയാഴ്ച ഉച്ചയ്ക്കു മുമ്പ് തീരുമാനം ബെവ്കോയെ അറിയിക്കണം. പുതുക്കിയ മദ്യവില ഫെബ്രുവരി 1 ന് നിലവില്‍ വരും.
 

click me!