ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഇല്ലാത്തതിനാൽ ഫെബ്രുവരി രണ്ട് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണമുൾപ്പെടെ ഡോക്ടർമാർ പ്രഖ്യാപിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: അധ്യാപന ബഹിഷ്കരണമുൾപ്പെടെയുള്ള കടുത്ത സമരത്തിലേക്ക് സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ കടന്നതോടെ പ്രതിസന്ധിയിലായി സർവകലാശാല പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എംബിബിഎസ് വിദ്യാർത്ഥികൾ. എന്നാൽ ഭാവിയിൽ തങ്ങളെ കൂടി ബാധിക്കുന്ന വിഷയമായതിനാൽ ഡോക്ടർമാരുടെ സമരത്തിന് വിദ്യാർത്ഥികളുടെ പൂർണ പിന്തുണയുണ്ട്. ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഇല്ലാത്തതിനാൽ ഫെബ്രുവരി രണ്ട് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണമുൾപ്പെടെ ഡോക്ടർമാർ പ്രഖ്യാപിച്ചിട്ടുണ്ട്.

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, എൻട്രി കേഡർ തസ്തികയിൽ വെട്ടിക്കുറച്ച തുക പുനസ്ഥാപിക്കുക,ആവശ്യത്തിന് തസ്തികകൾ സൃഷ്ടിക്കുക, സമരം ചെയ്യുന്ന ഡോക്ടർമാർ സർക്കാരിന് മുൻപിൽ വച്ച ന്യായമായ ആവശ്യങ്ങളാണിവ. കഴിഞ്ഞ ജൂലൈ മുതൽ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഏഴ് മാസത്തിനിടയിൽ രണ്ട് തവണ മാത്രമാണ് ഡോക്ടർമാരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്. ജനുവരി 18ന് നടത്തിയ ചർച്ചയിൽ അനുകൂല നിലപാടെടുക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും എൻട്രി കേഡർ തസ്തികയിലുള്ളവർക്ക്

ചെറിയത തുക മാത്രം കൂട്ടി നൽകി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ഇതിന് പിന്നാലെയാണ് സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരം നടത്താൻ നിർബന്ധിതരായത്. ആദ്യ സമരമുറയെന്ന നിലയിൽ കഴിഞ്ഞ വ്യാഴാഴ്ച മുതൽ അധ്യാപന ബഹിഷ്കരണം തുടങ്ങി. എന്നാൽ ഇത് ബാധിച്ചതാകട്ടെ യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് തയ്യാറാകുന്ന MBBS, പാരാമെഡിക്കൽ, നഴ്സിങ് വിദ്യാർത്ഥികളെയും. ഭാവിയിൽ തങ്ങളെ കൂടി ബാധിക്കുന്ന വിഷയമായതിനാൽ ഡോക്ടർമാരുടെ സമരത്തിന് വിദ്യാർത്ഥികൾ പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫെബ്രുവരി രണ്ട് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണമാണ് ഡോക്ടർമാർ പ്രഖ്യാപിച്ചിട്ടുള്ളത്. നിപ, കോവിഡ് കാലങ്ങളിൽ മുഴുവൻ സമയവും സർവീസ് നടത്തിയ ഡോക്ടർമാർ ഉൾപ്പെടെയാണ് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സമരമുഖത്തുള്ളത്. സർക്കാരിന് മുന്നറിയിപ്പെന്നോണം നാളെ ഡോക്ടർമാർ സെക്രട്ടേറിയറ്റ് പടിക്കലേക്ക് ധർണ നടത്തും. അതേ ദിവസം തന്നെ അടിയന്തര ചികിത്സ ഒഴികെയുള്ള സേവനങ്ങളെല്ലാം നിർത്തിവെക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.

സമരം കടുപ്പിക്കാൻ ഡോക്ടർമാരുടെ സംഘടന; ആശങ്കയിൽ MBBS വിദ്യാർത്ഥികൾ