ഒന്നരമാസത്തെ ഇടവേളക്ക് ശേഷം മദ്യവിൽപ്പന ശാലകൾ തുറന്നു; ഒമ്പത് മണിക്കുമുന്നേ ക്യു

By Web TeamFirst Published Jun 17, 2021, 1:04 PM IST
Highlights

 ഏപ്രില്‍ 26ന് അടച്ച മദ്യവില്‍പ്പനശാലകളാണ് ഇന്ന് വീണ്ടും തുറന്നത്. ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള തദ്ദേശസ്ഥാപന പരിധിയിലെ  വില്‍പ്പനശാലകള്‍ മാത്രമാണ് തുറക്കാന്‍ അനുമതി

തിരുവനന്തപുരം: കൊവിഡ് വ്യാപന സാഹചര്യവും അത് നിയന്ത്രിക്കാൻ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണും കണക്കിലെടുത്ത് സംസ്ഥാനത്ത് ആഴ്ചകളായി അടച്ചിട്ടിരുന്ന മദ്യവിൽപനശാലകൾ തുറന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധിയിൽ പ്രവര്‍ത്തിക്കുന്നു ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളുമാണ് തുറന്നത്. രാവിലെ ഒമ്പത് മണിക്ക് വിൽപ്പന ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിന് മുന്നേ തന്നെ വലിയ ക്യു ആണ് പല മദ്യവിൽപ്പന ശാലകൾക്ക് മുന്നിലും ഉണ്ടായിരുന്നത്. 

ബെവ്ക്യു ആപ്പ് വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമായി മദ്യവിൽപ്പന പരിമിതപ്പെടുത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനമെങ്കിലും പ്രായോഗിക പ്രശ്നങ്ങൾ മുൻനിർത്തി അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കൊവിഡ് പ്രോട്ടോകോളും സാമൂഹിക അകലവും കര്‍ശനമായി നടപ്പാക്കണമെന്ന് എക്സൈസ് കമ്മീഷണര്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. നിയന്ത്രണം നിലവിലുള്ള മേഖലയിലൊഴികെ  സംസ്ഥാനത്തെ 90 ശതമാനം ഔട്ട്ലറ്റുകളും തുറക്കാനായിട്ടുണ്ടെന്നാണ് ബിവറേജസ് കോർപറേഷൻ അറിയിക്കുന്നത്. 

രാവിലെ 9ന് വില്‍പ്പന തുടങ്ങുന്നതിന് മുമ്പ് തന്നെ പലയിടത്തും വലിയ ക്യൂവുണ്ടായിരുന്നു. പൊലീസെത്തി സാമൂഹ്യ അകലം പാലിക്കല്‍ ഉറപ്പ് വരുത്തി. ഒന്നരമാസത്തിന് ശേഷം വില്‍പ്പനശാലകള്‍ തുറന്നതിലും, ആപ്പ് വഴിയുള്ള ബുക്കിംഗ് ഒഴിവാക്കിയതിലും സമ്മിശ്ര പ്രതികരണമാണ് ജനങ്ങൾക്കിടയിൽ നിന്ന് ഉയരുന്നത്. 

ബാറുകളില്‍ നിന്ന് പാഴ്സല്‍ മാത്രമേ അനുവദിക്കുന്നുള്ളു. എംആര്‍പി നിരക്ക് മാത്രം ഈടാക്കാം. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഒന്നരമാസത്തിലേറെ അടഞ്ഞുകിടന്നതിനാല്‍ ബിവറേജസ് കോര്‍പറേഷന് 1700 കോടി രൂപയുെടെ വില്‍പ്പന നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍.

click me!