തീരദേശ പരിപാലന നിയമം ലംഘിച്ച കെട്ടിടങ്ങളുടെ കണക്കെടുപ്പ്; സംശയിക്കുന്ന 4,239 കെട്ടിടങ്ങളുടെ പട്ടിക ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു

By Web TeamFirst Published Dec 29, 2019, 6:43 AM IST
Highlights

ഏറ്റവും കൂടുതല്‍ കെട്ടിടങ്ങൾ ചെല്ലാനം പഞ്ചായത്തിലാണ് 1653 എണ്ണം. രണ്ടാമത് പള്ളിപ്പുറം പഞ്ചായത്തില്‍ 677 കെട്ടിടങ്ങള്‍. ഇവയെ സംബന്ധിച്ച് ഉടമസ്ഥര്‍ക്ക് ആക്ഷേപമോ നാട്ടുകാര്‍ക്ക് പരാതിയോ ഉണ്ടെങ്കില്‍ അടുത്ത ചൊവ്വാഴ്ച വരെ കളക്ടറെ അറിയിക്കാം.

കൊച്ചി: എറണാകുളം ജില്ലയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടങ്ങള്‍ പണിതവരെ കണ്ടെത്താനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍. ഇത്തരത്തില്‍ സംശയിക്കുന്ന 4,239 കെട്ടിടങ്ങളുടെ പട്ടിക ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു.

മരടിലെ ഫ്ലാറ്റുകള്‍ പോലെ തീരദേശ പരിപാലന നിയമം ലംഘിച്ച ഒട്ടേറെ കെട്ടിടങ്ങൾ കൊച്ചിയിലുണ്ട്. ഇവ കണ്ടെത്താൻ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണയോടെയായിരുന്നു പരിശോധന. നിയമം ലംഘിച്ചെന്ന് സംശയിക്കുന്ന 4239 കെട്ടിടങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. 

ഏറ്റവും കൂടുതല്‍ കെട്ടിടങ്ങൾ ചെല്ലാനം പഞ്ചായത്തിലാണ് 1653 എണ്ണം. രണ്ടാമത് പള്ളിപ്പുറം പഞ്ചായത്തില്‍ 677 കെട്ടിടങ്ങള്‍. ഇവയെ സംബന്ധിച്ച് ഉടമസ്ഥര്‍ക്ക് ആക്ഷേപമോ നാട്ടുകാര്‍ക്ക് പരാതിയോ ഉണ്ടെങ്കില്‍ അടുത്ത ചൊവ്വാഴ്ച വരെ കളക്ടറെ അറിയിക്കാം. തുടര്‍ന്ന് വിശദമായ പരിശോധന നടത്തും. തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുന്നത് ഈ ഘട്ടത്തിലാണ്. അതിന് ശേഷം അടുത്തമാസം 12ആം തീയതിയോടെ ജില്ലാ കളക്ടര്‍, സംസ്ഥാന സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാകും തുടര്‍നടപടികള്‍.

click me!