'മോളുടെ ഫീസിന് പോലും കാശില്ലായിരുന്നു', പ്രളയസഹായം കിട്ടാതെ ആത്മഹത്യ ചെയ്ത സനിലിന്‍റെ കുടുംബം

By Web TeamFirst Published Mar 4, 2020, 9:48 AM IST
Highlights

ധനസഹായം സംബന്ധിച്ച അവസാന പ്രതീക്ഷയും അവസാനിച്ചതാണ് സനിലിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ഭാര്യ സജിനി 'വാർത്തയ്ക്കപ്പുറം' എന്ന പ്രത്യേക പരിപാടിയിൽ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് റീജ്യണൽ എഡിറ്റർ ഷാജഹാന്‍റെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്.

വയനാട്: ആദ്യഘട്ട പ്രളയസഹായമായ പതിനായിരം രൂപ പോലും കിട്ടാതിരുന്നതിൽ സനിൽ നിരാശനായിരുന്നുവെന്ന് ഭാര്യ സജിനി ഏഷ്യാനെറ്റ് ന്യൂസിനോട്. മകന്‍റെ കോളേജ് ഫീസിന് പണമടയ്ക്കാൻ പോലും പണമുണ്ടായിരുന്നില്ല. പല തവണ സർക്കാരോഫീസുകളിൽ കയറിയിറങ്ങിയിട്ടും ഒരു രൂപ പോലും കിട്ടാതെ, അവസാനപ്രതീക്ഷയും നശിച്ചതാണ് സനിലിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും സജിനി പറയുന്നു. 

വയനാട് തൃക്കൈപ്പറ്റയില്‍ പ്രളയത്തില്‍ വീടുതകർന്ന സനിൽ തിങ്കളാഴ്ച വൈകിട്ടാണ് പുരയിടത്തിൽ തൂങ്ങിമരിച്ചത്. കൂലിപ്പണിയെടുത്താണ് ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ സനില്‍ പോറ്റിയിരുന്നത്. 2018-ലെ പ്രളയത്തില്‍ വീടിന് ഭാഗികമായി നാശനഷ്ടമുണ്ടായി, 2019-ല്‍ പൂർണമായും തകർന്നു. എന്നാല്‍ ഇതുവരെ അടിയന്തര ധനസഹായമായ പതിനായിരം രൂപപോലും സർക്കാർ നല്‍കിയില്ല. കഴിഞ്ഞ 40 വർഷമായി താമസിക്കുന്ന 3 സെന്‍റ് ഭൂമി സ്വന്തമാണെന്നതിന്‍റെ രേഖയില്ലാത്തതിനാല്‍ ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തിലും ഉള്‍പ്പെട്ടില്ല. കഴിഞ്ഞ ദിവസവുംപോലും ധനസഹായം ലഭിക്കുമോയെന്നറിയാന്‍ സനില്‍ വില്ലേജോഫീസില്‍ പോയി നോക്കിയിരുന്നു. പണം അക്കൗണ്ടിലെത്തുമെന്ന മറുപടി മാത്രമാണ് ലഭിച്ചത്.

ഭൂരേഖയുണ്ടായിരുന്നില്ല. അതുകൊണ്ട് വീടു വയ്ക്കാൻ അടക്കമുള്ള സഹായം ആദ്യം കിട്ടിയില്ല എന്ന് സജിനിയും സമ്മതിക്കുന്നു. പക്ഷേ, ആദ്യഘട്ടസഹായം പോലും കിട്ടാത്തതിൽ സനിലിന് നിരാശയുണ്ടായിരുന്നു. അത് കിട്ടിയാൽ ഇത്തിരിയെങ്കിലും കടം വീട്ടാമെന്ന് സനിൽ പറയുമായിരുന്നെന്നും സജിനി പറയുന്നു. 

പല തവണ സർക്കാരോഫീസുകൾ കയറിയിറങ്ങി തന്‍റെ അക്കൗണ്ട് നമ്പർ കൊടുത്തു. സനിലിന് സ്വന്തമായി ബാങ്ക് അക്കൗണ്ടുണ്ടായിരുന്നില്ല. വീട് തകർന്നതോടെ ഷെഡ് പണിത് അങ്ങോട്ട് മാറാമെന്ന് പറഞ്ഞത് സനിൽ തന്നെയാണ്. വാടകയൊന്നും കൊടുക്കാനുണ്ടാകില്ലെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു. മകളുടെ സ്കൂൾ ഫീസും മകന്‍റെ കോളേജ് ഫീസും കൊടുക്കാനുണ്ടായിരുന്നു. അതിനുള്ള പൈസ എവിടെ നിന്ന് കിട്ടുമെന്നോർത്ത് നിരാശനായിരുന്നു സനിൽ.  

''പണിക്ക് പോയപ്പോ ഏട്ടനോട് കൂട്ടുകാരിൽ ചിലര് പറഞ്ഞത്, കിട്ടിയ ചിലർക്കൊക്കെ രണ്ടാമതും പൈസ കിട്ടിയെന്നൊക്കെയാ. ഞങ്ങൾക്ക് ഒന്നാമത്തെ സഹായം പോലും കിട്ടിയില്ലല്ലോ എന്നോർത്ത്, അത് തന്നെ പറയുകയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസമായിട്ട്'', എന്ന് സജിനി കണ്ണീരോടെ പറയുന്നു.

സനിലിന്‍റെ സഹോദരിയും കുടുംബവുമാണ് ഇപ്പോൾ സജിനിയ്ക്ക് കൈത്താങ്ങായി ഉള്ളത്. ഇനിയൊരു കുടുംബത്തിന് ഇതുപോലൊരു ഗതി വരരുതെന്ന് മാത്രമേ തനിയ്ക്കുള്ളൂ എന്ന് വിങ്ങിപ്പൊട്ടി സനിലിന്‍റെ സഹോദരി പറയുന്നു.

സനിലിന്‍റെ ആത്മഹത്യയെക്കുറിച്ച് കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദ്രന് പറയാനുള്ളത് ഇതാണ്..

സനിലിന്‍റെ മരണം അങ്ങേയറ്റം വേദനാജനകമാണ്. സനിലിന് ചട്ടങ്ങളനുസരിച്ച് വീട് നൽകാൻ നിവൃത്തിയുണ്ടായിരുന്നില്ല. ഭൂരേഖയില്ലാത്തതിനാൽ വീട് നൽകാനാകില്ലെന്ന് ഗ്രാമസഭ തീരുമാനിച്ചതാണ്. പ്രളയത്തിൽ പക്ഷേ, സനിലിന്‍റെ വീട് 75 ശതമാനത്തിലധികം തകർന്നിരുന്നു. ആ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് നാല് ലക്ഷം രൂപ കിട്ടേണ്ടതാണ്.

ദുരിതാശ്വാസക്യാമ്പിലല്ല, ബന്ധുവീട്ടിലാണ് സനിൽ ആദ്യം താമസിച്ചത്. ക്യാമ്പിലെ ആളുകളുടെ പേരാണ് ആദ്യം സഹായത്തിനായി അയച്ചത്. ബന്ധുവീട്ടിൽ താമസിച്ചവർക്കും സഹായത്തിന് അർഹതയുണ്ട്. അങ്ങനെ നോക്കിയാൽ ആദ്യഘട്ട ധനസഹായം അടക്കം നാല് ലക്ഷത്തി പതിനായിരം രൂപയ്ക്ക് സനിലിന് അർഹതയുണ്ട്. ആ ലിസ്റ്റിൽ അദ്ദേഹം ഉൾപ്പെടുകയും ചെയ്തിരുന്നു. 

ജനുവരിയിൽ ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ ആദ്യഗഡുവായി അദ്ദേഹത്തിന് പാസ്സായതാണ്. പക്ഷേ ഇത് ജനപ്രിയ അക്കൗണ്ടായതിനാൽ ഇതിലേക്ക് കൈമാറാനാകില്ല എന്ന സാങ്കേതികത്വമാണ് തഹസിൽദാർ പറഞ്ഞത്. എങ്കിൽ വേറെ അക്കൗണ്ട് ഉണ്ടാക്കണമെന്നടക്കമുള്ള ഒരു വിവരങ്ങളും ഉദ്യോഗസ്‌ഥർ സനിലിനോട് അറിയിച്ചിട്ടില്ല. 

പാസ്സായ തുക കിട്ടാനുള്ള വെറും സാങ്കേതികത്വം ഒരു ദിവസം കൊണ്ട് പരിഹരിക്കാമായിരുന്നു എന്ന സ്ഥിതിയ്ക്ക് ഈ വിവരം കൃത്യമായി അറിയിക്കാതിരുന്നത് ഉദ്യോഗസ്ഥരാണെന്ന് സി കെ ശശീന്ദ്രൻ തുറന്ന് സമ്മതിക്കുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയുണ്ടാകുമെന്നും സി കെ ശശീന്ദ്രൻ. 

click me!