രാജ്യസഭാ സീറ്റ് ശ്രേയാംസിന് നൽകണമെന്ന് എൽജെഡി, സ്ഥാനാർഥിയെ നിർത്തണോയെന്ന കാര്യം യുഡിഎഫ് ചർച്ച ചെയ്യും

By Web TeamFirst Published Jul 31, 2020, 11:33 AM IST
Highlights

അതേസമയം ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തണോ എന്ന കാര്യത്തിൽ യുഡിഫ് നേതാക്കൾ ചർച്ച നടത്തും. ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ആഗസ്റ്റ് ആറിന് ഇറങ്ങും. ആഗസ്റ്റ് 13 വരെ നാമനിർദേശ പത്രിക സമർപ്പിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 24 ന് നടക്കാനിരിക്കെ, എംവി ശ്രേയാംസ് കുമാറിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി എൽജെഡി. എംപി വീരേന്ദ്രകുമാറിന്റെ മരണത്തോടെ ഒഴിവുവന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് എൽജെഡി നേതൃത്വം തിങ്കളാഴ്ച സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

സീറ്റ് ശ്രേയാംസിന് നൽകുന്നതിനോട് സിപിഎമ്മിനും സിപിഐക്കും എതിർപ്പില്ല. നിയമസഭയിലെ നിലവിലെ കക്ഷിനില അനുസരിച്ച് ഇടത് സ്ഥാനാർത്ഥി നിഷ്പ്രയാസം ജയിക്കും. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിയെ നിർത്തണോ വേണ്ടയോ എന്ന് യുഡിഎഫ് ച‍ർച്ച ചെയ്യുകയാണ്. സ്ഥാനാർത്ഥി ഉണ്ടായാൽ യുഡിഎഫ് മുന്നണിയിൽ നിന്നും മാറ്റി നിർത്തിയ ജോസ് കെ മാണി പക്ഷത്തെ രണ്ട് എംഎൽഎമാർ ആർക്ക് വോട്ട് ചെയ്യുമെന്നതിലാണ് ആകാംക്ഷ.

ഓരോ പാർട്ടിക്കും എംഎൽഎമാർക്ക് വിപ്പ് നൽകാം. ആർക്കാണ് വോട്ട് ചെയ്തതെന്ന് പാർട്ടി നിയോഗിക്കുന്ന ഏജൻറിനെ എംഎൽഎമാർ കാണിക്കണം. ജോസ് പക്ഷം സാങ്കേതികമായി കേരള കോൺഗ്രസ്സിൽ തന്നെ തുടരുന്നതിനാൽ നിലവിൽ പാർട്ട് വിപ്പ് അവർക്ക് ബാധകമാണ്. വിപ്പ് അംഗീകരിച്ചാൽ ചെയർ‍മാൻ ജോസഫിനെ അംഗീകരിക്കുന്നതായും യുഡിഎഫിൽ തുടരുന്നതായും വിലയിരുത്തരപ്പെടും. പക്ഷെ യുഡിഎഫ് മാറ്റിനിർത്തിയ വിഭാഗത്തിന് എങ്ങിനെ വിപ്പ് നൽകുമെന്നത് ജോസഫ് പക്ഷത്തിന് മുന്നിലെ പ്രശ്നമാണ്. തൊടുപുഴയിൽ മാധ്യമങ്ങളെ കണ്ട ജോസഫ് രാഷ്ട്രീയകാര്യങ്ങൾ പിന്നീട് പറയാമെന്ന് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ആഗസ്റ്റ് ആറിന് ഇറങ്ങും. ആഗസ്റ്റ് 13 വരെ നാമനിർദേശ പത്രിക സമർപ്പിക്കണം. 14 നാണ് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ആഗസ്റ്റ് 17ന് അവസാനിക്കും. ആഗസ്റ്റ് 24ന് തന്നെ ഫലം പുറത്തുവരും. യുഡിഎഫ് ടിക്കറ്റിൽ എം പി വീരേന്ദ്രകുമാർ 2016ലാണ് രാജ്യസഭാംഗമായത്. പിന്നീട് ഇദ്ദേഹം യുഡിഎഫ് വിട്ടതോടെ രാജ്യസഭ അംഗത്വവും രാജിവച്ചു. 2017 ഡിസംബർ 20നാണ് ഇദ്ദേഹം സ്ഥാനം രാജിവച്ചത്. തുടർന്ന് എൽഡിഎഫിൽ ചേർന്ന വീരേന്ദ്രകുമാറിനെ തന്നെയാണ് ഇടതുമുന്നണി തങ്ങൾക്ക് ജയം ഉറപ്പായിരുന്ന സീറ്റിൽ മത്സരിപ്പിച്ചത്. എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് 2018 മാർച്ചിൽ വീരേന്ദ്രകുമാർ വീണ്ടും രാജ്യസഭയിലെത്തി. രണ്ടു വർഷം കൂടിയാണ് ഇനി കാലാവധി അവശേഷിക്കുന്നത്.

click me!