ജെഡിഎസുമായി ലയനം വേണ്ടെന്ന് എൽജെഡിയിൽ ധാരണ: ആർജെഡിയുമായി ചർച്ച നടത്തും

Published : May 15, 2023, 05:05 PM IST
ജെഡിഎസുമായി ലയനം വേണ്ടെന്ന് എൽജെഡിയിൽ ധാരണ: ആർജെഡിയുമായി ചർച്ച നടത്തും

Synopsis

പതിനാല് വർഷങ്ങൾക്ക് ശേഷം വീണ്ടും പഴയ ജെഡിഎസ് ആകാനുളള നീക്കമാണ് എൽജെഡി ഉപേക്ഷിക്കുന്നത്

കോഴിക്കോട്: ജെഡിഎസ്സുമായി ലയിക്കേണ്ടെന്ന് എൽ ജെ ഡിയിൽ ഏകദേശ ധാരണ. കർണാടക തെരഞ്ഞെടുപ്പിൽ ജെ ഡി എസ് വ്യക്തമായ രാഷ്ട്രീയ നിലപാടെടുക്കാത്തത് കാരണമായി പറയുന്നത്. ലയനം വേണ്ടെന്നാണ് എൽജെഡിയിലെ ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടെയും അഭിപ്രായം. ആർ ജെ ഡിയുമായി ലയന ചർച്ചകൾ തുടരാനും കോഴിക്കോട്ട് ചേർന്ന എൽജെഡി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. 

പതിനാല് വർഷങ്ങൾക്ക് ശേഷം വീണ്ടും പഴയ ജെഡിഎസ് ആകാനുളള നീക്കമാണ് എൽജെഡി ഉപേക്ഷിക്കുന്നത്.  കഴിഞ്ഞ വർ‍ഷം ലയന ചർച്ചകൾക്ക് തുടക്കമിട്ട ഇരു പാർട്ടികളും ഈ ജനുവരിയിൽ ഒന്നാകുമെന്നായിരുന്നു പ്രഖ്യാപനം. ഇത് അനുസരിച്ച് 7 വീതം ജില്ലകളിലെ ഭാരവാഹിത്വം പങ്കിട്ടെടുക്കാനും ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിൽ തീരുമാനമെടുക്കാനും ഏഴംഗ സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ  പലതവണ യോഗം ചേർന്നിട്ടും ലയന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയിരുന്നില്ല. 

ഇതിനിടെ കർണാടകത്തിൽ ജെഡിഎസ് സ്വീകരിച്ച രാഷ്ട്രീയ നിലപാടുയ‍ർത്തി ഒരുവിഭാഗം നേതാക്കൾ എൽജെഡിയിൽ എതിർപ്പുന്നയിച്ചു. ആരുമായും സഹകരിക്കാമെന്ന നിലപാട് സ്വീകാര്യമല്ലെന്നും ജെഡിഎസിലേക്ക് പോകേണ്ടെന്നുമാണ് എൽജെഡിയുടെ ഭൂരിപക്ഷ അഭിപ്രായം.  ഈ മാസം 28ന് കോഴിക്കോട് നടക്കുന്ന എം പി വീരേന്ദ്രകുമാർ അനുസ്മരണ പരിപാടിയുടെ  ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച സംസ്ഥാന നേതൃയോഗത്തിലും ഈ നിലപാടാണ് നേതാക്കൾ സ്വീകരിച്ചത്.

ജെഡിഎസ് ഇല്ലെങ്കിൽ പകരം ആരുമായി ലയനമെന്ന് തീരുമാനമായിട്ടില്ല. ആർ ജെ ഡിയിലേക്കെന്നാണ് സൂചന. ഈ മാസം 28ന് കോഴിക്കോട്ടെത്തുന്ന തേജസ്വി യാദവ് അടക്കമുള്ള നേതാക്കളുമായി  എൽജെഡി ചർച്ച നടത്തുമെന്നാണ് വിവരം. നേരത്തേ തന്നെ ഒരു വിഭാഗം നേതാക്കൾ ആ‍ർ ജെ ഡിയുമായി ലയിക്കണമെന്ന് ആവശ്യമുയർത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി