
തിരുവനന്തപുരം : കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണിയെ യുഡിഎഫ് മുന്നണിയിലേക്ക് തിരികെ ക്ഷണിച്ച കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് ക്രിസ്ത്യന്‍ വോട്ട് ബാങ്കിലുണ്ടായ ചോര്‍ച്ച തടയലെന്ന് വ്യക്തം. ചര്‍ച്ചകൾ തുടങ്ങിയില്ലെങ്കിലും ജോസ് കെ മാണി തിരികെ വന്നാല്‍ നന്നായിരിക്കുമെന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായ പ്രകടനത്തെ ആ രീതിയിൽ തന്നെയെന്ന് വിലയിരുത്താൽ കഴിയുക. ക്രിസ്ത്യന്‍ വോട്ടു ബാങ്കുകളിലെ ചോര്‍ച്ച തടയുകയും യുഡിഎഫ് മുന്നണി വിപുലീകരണവുമാണ് കോണ്‍ഗ്രസ് നിലവിൽ ലക്ഷ്യമിടുന്നത്. കെപിസിസി ലീഡേഴ്സ് മീറ്റിലും ഇത് ചര്‍ച്ചയായിരുന്നു ഇതിന്റെ ഭാഗമായിരുന്നു ജോസ് മടങ്ങിവന്നാൽ നല്ലതെന്ന ചെന്നിത്തലയുടെ പ്രതികരണം.
ഐക്യകാഹളത്തോടെയാണ് കെപിസിസിയുടെ ലീഡേഴ്സ് മീറ്റ് വയനാട്ടില്‍ സമാപിച്ചത്. പാര്‍ട്ടി വിട്ടവരും മുന്നണി വിട്ടവരുമെല്ലാം തിരിച്ചുവന്നാല്‍ സ്വീകരിക്കണമെന്ന പൊതു അഭിപ്രായമാണ് ചര്‍ച്ചയിലുണ്ടായത് ഉണ്ടായത്. ഇതിന്‍റെ പ്രായോഗിക സാധ്യതകളാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലൂടെ കോണ്‍ഗ്രസ് ആദ്യം തിരയുന്നത്. ജോസ് കെ മാണിയും കൂട്ടരും തിരിച്ചുവരണമെന്ന അഭിപ്രായമാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ക്കുള്ളത്. എന്നാല്‍ ഔദ്യോഗികമായൊരു ചര്‍ച്ചയ്ക്കും നേതാക്കള്‍ ഇതുവരെ തുടക്കമിട്ടിട്ടില്ല.
യുഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് ഇടതുപക്ഷത്തേക്ക് പോയ ജോസ് കെ മാണിയും പാര്‍ട്ടിയും നിലവില്‍ എല്‍ഡിഎഫില്‍ സംതൃപ്തരാണ്. മന്ത്രിസ്ഥാനം ഉള്‍പ്പടെയുള്ളവയാണ് തിരിച്ചുവരവിനുള്ള പ്രധാനതടസവും. യുഡിഎഫിലേക്ക് തിരികെ വരാനുള്ള ക്ഷണം സന്തോഷകരമാണെങ്കിലും തൽക്കാലം എൽഡിഎഫിൽ തുടരാനാണ് തീരുമാനമെന്നായിരുന്നു വിഷയത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിൽ നിന്നും പുറത്തു പോയതല്ല. യുഡിഎഫ് പുറത്താക്കിയതാണ്. ആ തീരുമാനം തെറ്റായിപ്പോയെന്ന് യുഡിഎഫ് മനസിലാക്കിയതിൽ സന്തോഷമാണെന്നും റോഷി വ്യക്തമാക്കുന്നു.
എന്നാൽ വഞ്ചിച്ചവരെ തിരിച്ചുവിളിക്കേണ്ടതില്ലെന്ന നിലപാടാണ് യുഡിഎഫിൽ പി ജെ ജോസഫ് പക്ഷത്തിനുളളത്. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ ജോസഫ് സജീവമല്ലാത്തതിനാല്‍ ജോസ് കെ മാണിയെ പോലൊരു നേതാവിനെ യുഡിഎഫിന് ആവശ്യമാണെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ക്രിസ്ത്യന്‍ വോട്ടുബാങ്കുകളിലേക്കുള്ള ബിജെപിയുടെ കടന്നുകയറ്റം തടയാനും എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താനും ജോസിനെ തിരിച്ചുകൊണ്ടുവരണമെന്ന അഭിപ്രായമാണ് കോണ്‍ഗ്രസില്‍ പ്രധാന നേതാക്കള്‍ക്കെല്ലാം.
ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കോൺഗ്രസ്, ചെന്നിത്തലയ്ക്ക് മറുപടി നൽകി റോഷി അഗസ്റ്റിൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam