
ദില്ലി: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമാകുന്നതിൽ സന്തോഷമുണ്ടെന്ന് മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ.അദ്വാനി. രാമജന്മഭൂമി പ്രസ്ഥാനത്തിൻ്റെ വളർച്ചയിൽ നിർണായക പങ്കുവഹിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അധ്വാനിയുടെ വാക്കുകൾ -
സോംനാഥ ക്ഷേത്രം മുതൽ അയോധ്യ വരെ നീണ്ടു നിന്ന 1990-ലെ രഥയാത്രയിലൂടെ രാമജന്മഭൂമി പ്രസ്ഥാനത്തിൽ ഒരു നിർണായക പങ്കുവഹിക്കാൻ സാധിച്ചത് ഞാൻ വിനയപൂർവ്വം ഓർക്കുന്നു. ഇന്ത്യയുടെ സംസ്കാരത്തിൽ ശ്രീരാമന് പ്രധാനസ്ഥാനമാണുള്ളത്. രാമക്ഷേത്ര നിർമ്മാണം എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാകുമെന്നും രാജ്യത്തിന് ശ്രേയസ് പകരുമെന്നും ഞാൻ വിശ്വസിക്കുന്നു. ശക്തവും ഐശ്വര്യപൂർണവും ശാന്തവുമായ ഇന്ത്യയുടെ പ്രതീകമായി രാമക്ഷേത്രം മാറുമെന്നെനിക്കുറപ്പുണ്ട്.
രഥയാത്രയിലൂടെ 80 -90 കാലഘട്ടത്തിൽ ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ ഇളകി മറിച്ച എൽ.കെ.അദ്വാനി രാമജന്മഭൂമി പ്രക്ഷോഭത്തിൻ്റെ മുഖം കൂടിയായിരുന്നു. എന്നാൽ ബിജെപിയുടെ മുതിർന്ന നേതാക്കളും രാമജന്മഭൂമി പ്രസ്ഥാനത്തിലെ പ്രധാനനേതാക്കളുമായ അദ്വാനിയേയും മുരളി മനോഹരർ ജോഷിയേയും ക്ഷേത്രത്തിൻ്റെ തറക്കല്ലിടൽ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് വലിയ വാർത്തയായിരുന്നു. എൺപത് വയസ് പിന്നിട്ട ഇരുവരേയും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ക്ഷണിക്കാതിരുന്നതെന്നും വീഡിയോ കോൺഫറൻസ് വഴി ഇരുവരും പരിപാടിയും ഭാഗമാകുമെന്നുമാണ് രാമജന്മഭൂമി ട്രസ്റ്റ് അറിയിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam