രാഹുല്‍ ഗാന്ധി 500 വോട്ടിന്‍റെ ലീഡ് നേടിയ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ജയം; പഞ്ചായത്തും പിടിച്ചെടുത്തു

By Web TeamFirst Published Jun 28, 2019, 3:55 PM IST
Highlights

രാഹുല്‍ ഗാന്ധി 500 വോട്ടിന്‍റെ ലീഡ് നേടിയ വാര്‍ഡിലാണ് 177 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പുല്‍പ്പാടി അബ്ദുള്ള വിജയിച്ചത്. ഇതോടെ  മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. 

വയനാട്: വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മാണ്ടാട് വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി 500 വോട്ടിന്‍റെ ലീഡ് നേടിയ വാര്‍ഡിലാണ് 177 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പുല്‍പ്പാടി അബ്ദുള്ള വിജയിച്ചത്. ഇതോടെ  മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. 

യുഡിഎഫിലെ കൊട്ടേക്കാരന്‍ മൊയ്തീനെയാണ് പുല്‍പ്പാടി അബ്ദുള്ള പരാജയപ്പെടുത്തിയത്. പഞ്ചായത്ത് അംഗമായിരുന്ന എഎം നജീമിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയതോടെയാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യു ഡി എഫ് വിമതനായി മത്സരിച്ച് വിജയിച്ച നജീമിന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് മുട്ടില്‍ പഞ്ചായത്ത് ഭരണം നടത്തിയിരുന്നത്. എന്നാല്‍ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് നജീമ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. 

തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്. മാണ്ടാട് വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചതോടെ ഇനി പഞ്ചായത്ത് ഭരണത്തില്‍ എല്‍ഡിഎഫിന് കാര്യമായ വെല്ലുവിളികള്‍ ഇല്ല. പുല്‍പ്പാടി അബ്ദുള്ള വിജയിച്ചതോടെ മുട്ടില്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ അംഗബലം പത്തായി. യുഡിഎഫിന് ഒന്‍പത് അംഗങ്ങളുടെ പിന്‍ബലമുണ്ട്.

click me!