ശിവകുമാറിന്‍റെ ഡ്രൈവറും സുഹൃത്തും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തൽ. ഡ്രൈവറെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടി. ഇവര്‍ക്കെതിരെ ആദായനികുതി വകുപ്പിന്‍റെ അന്വേഷണം ശുപാര്‍ശ ചെയ്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകി. 

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻമന്ത്രി വിഎസ് ശിവകുമാറിന് ക്ലീൻ ചിറ്റ്. പക്ഷേ ശിവകുമാറിന്‍റെ ഡ്രൈവറും സുഹൃത്തും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തൽ. ഡ്രൈവറെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടി. ഇവര്‍ക്കെതിരെ ആദായനികുതി വകുപ്പിന്‍റെ അന്വേഷണം ശുപാര്‍ശ ചെയ്ത് സര്‍ക്കാരിന് വിജിലന്‍സ് റിപ്പോര്‍ട്ട് നൽകി.

Add Asianetnews as a Preferred SourcegooglePreferred

ഉമ്മൻചാണ്ടി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ വിഎസ് ശിവകുമാർ നേരിട്ടും ബിനാമികള്‍ വഴിയും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. എന്നാൽ കേസിൽ ഒന്നാം പ്രതിയായ ശിവകുമാറിന് അനധികൃതസ്വത്തില്ലെന്നാണ് കണ്ടെത്തൽ. മന്ത്രിയായിരുന്നപ്പോഴുള്ള വരുമാനത്തിന് അനുസരിച്ചള്ള സ്വത്തേ ഉള്ളൂ. പക്ഷേ ശിവകുമാറിന് നൽകിയ ക്ലീൻ ചിറ്റ് ഒപ്പമുള്ളവര്‍ക്ക് ഇല്ല. ഡ്രൈവറായിരുന്ന ഷൈജു ഹരൻ, അടുപ്പക്കാരായ രാജേന്ദ്രൻ, അഡ്വ ഹരികുമാർ എന്നിവർക്ക് വരവിൽ കൂടുതൽ സ്വത്തുണ്ടായെന്നാണ് കണ്ടെത്തൽ. 2011 മെയ് 18 മുതൽ 2016 മെയ് 20വരെയുള്ള കാലഘട്ടത്തിൽ ഓരോരുത്തരും ഉണ്ടാക്കിയ സ്വത്തിനെക്കുറിച്ചാണ് വിജിലൻസ് തിരുവനന്തപുരം റെയ്ഞ്ച് അന്വേഷിച്ചത്. 

കോണ്‍ഗ്രസ് പ്രവർത്തകനും ശിവകുമാറിൻെറ അടുത്ത അനുയായിയുമായ രാജേന്ദ്രന് ഈ കാലയളിലുണ്ടായിരുന്ന വരുമാനം 12 ലക്ഷത്തിനടുത്താണ്. പക്ഷേ അഞ്ചു വര്‍ഷത്തിനിടെയുണ്ടായ ആസ്തി ഒരു കോടിക്ക് മുകളിലാണ്. രാജേന്ദ്രൻ ഭാരവാഹിയായിരുന്ന ഒരു സഹകരണ സംഘം തകർന്നതിനെ തുടര്‍ന്ന് നിക്ഷേപകർ ശിവകുമാറിൻെറ വീടിന് മുന്നിൽ ഉള്‍പ്പെടെ സമരം ചെയ്തിരുന്നു. ഡൈവറായിരുന്ന ഷൈജു ഹരന് ഉണ്ടായിരുന്ന വരുമാനം ആറു ലക്ഷം രൂപ. പക്ഷേ 26, 82,196 രൂപയുടെ ആസ്തി വര്‍ധന. 

നാലാം പ്രതിയും ശിവകുമാറിൻെറ സുഹൃത്തുമായ അഡ്വ ഹരികുമാറിന് വരുമാനം 32 ലക്ഷത്തി 75,128 രൂപ, പക്ഷേ അഞ്ചുവർഷത്തിനുളളിൽ ആസ്തിയിൽ 44 ലക്ഷത്തിന്റെ വ‍ർദ്ധനയുണ്ടായി. സർക്കാർ ശമ്പളത്തിൽ ഡ്രൈവറായിരുന്ന ഷൈജുവിന് പ്രോസിക്യൂട്ട് ചെയ്യാൻ വിജിലന്‍സ് തീരുമാനിച്ചു. സര്‍ക്കാര്‍ അനുമതി തേടി. മറ്റു പ്രതികള്‍ വിജിലന്‍സ് പരിധിയിൽ വരാത്തതിനാലാണ് ആദായ നികുതി വകുപ്പ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. 2020 ഫെബ്രുവരിയിലാണ് ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങിയത്. ഇഡിയും ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നു.

YouTube video player