
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ നഷ്ടങ്ങളേറെ ഉണ്ടായ മുന്നണിയായി യുഡിഎഫ് മാറി. ജോസ് കെ മാണി മുന്നണി വിട്ടതും വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയതും മുന്നണിക്ക് തിരിച്ചടിയായെന്ന് ഫലം തെളിയിക്കുന്നു. യുഡിഎഫ് വിമതർ പലയിടങ്ങളിലും വിജയിച്ചതും മുന്നണിക്ക് കോട്ടമായി. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി എന്നീ നേതാക്കളുടെ സ്ഥലങ്ങളിൽ പോലും യുഡിഎഫിന് വിജയിക്കാനായില്ല എന്ന സ്ഥിതിവിശേഷവുമുണ്ടായി.
സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ അഞ്ചിലും വിജയം നേടാൻ യുഡിഎഫിന് കഴിഞ്ഞില്ല. കണ്ണൂർ കോർപ്പറേഷൻ മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. 14 ജില്ലാ പഞ്ചായത്തുകളിൽ 4 എണ്ണം മാത്രമാണ് യുഡിഎഫിനെ തുണച്ചത്. 10 ഇടത്തും എൽഡിഎഫാണ് വിജയിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളിൽ 107 എണ്ണം എൽഡിഎഫ് നേടിയപ്പോൾ 45 ഇടങ്ങളിലെ വിജയം കൊണ്ട് യുഡിഎഫിന് തൃപ്തിപ്പെടേണ്ടി വന്നു. 374 ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫിന് ഭരണം പിടിക്കാനായത്. എൽഡിഎഫ് 517, എൻഡിഎ 22, മറ്റുള്ളവർ 28 എന്നിങ്ങനെയാണ് പഞ്ചായത്തുകളുടെ സ്ഥിതി. മുൻസിപ്പാലിറ്റികളിൽ മാത്രമാണ് വ്യക്തമായ ആധിപത്യം ഉറപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞത്. 45 മുൻസിപ്പാലിറ്റികൾ യുഡിഎഫ് നേടിയപ്പോൾ 35 ഇടത്ത് എൽഡിഎഫ് മേൽക്കൈ നേടി. രണ്ടിടത്ത് എൻഡിഎയും നാലിടത്ത് മറ്റുള്ളവരും മേൽക്കൈ നേടി.
പാലക്കാട്ടെ കോണ്‍ഗ്രസ്-ബിജെപി സഖ്യത്തിന് തിരിച്ചടിയാണ് നേരിട്ടത്. കോണ്‍ഗ്രസ്-ബിജെപി സഖ്യമുണ്ടാക്കിയ പൂക്കോട്ട്കാവിലും, വെള്ളിനേഴിയിലും എല്‍ഡിഎഫ് ഭരണം നിലനിർത്തി. പൂക്കോട്ട്കാവില്‍ 13ല്‍ 8 സീറ്റും, വെള്ളിനേഴിയില്‍ 13ല്‍ 9 സീറ്റും നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. രണ്ടു പഞ്ചായത്തുകളിലും പൊതു സ്വതന്ത്രൻമാരെ ബിജെപിയും കോൺഗ്രസും പിന്തുണച്ചിരുന്നു.
ഉമ്മൻ ചാണ്ടിയുടെ നിയോജക മണ്ഡലമായ പുതുപ്പള്ളിയിൽ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. എട്ടിൽ ആറ് പഞ്ചായത്തുകളിൽ യുഡിഎഫിന് തോൽവിയാണ് ഫലം. മീനടം, അയർക്കുന്നം പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫ് വിജയിച്ചത്. അകലക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, വാകത്താനം, പുതുപ്പള്ളി എന്നിവിടങ്ങളിലെല്ലാം എൽഡിഎഫ് ജയിച്ചു. മിക്കയിടങ്ങളും യുഡിഎഫ് കോട്ടകളായാണ് അറിയപ്പെടുന്നത്. ഉമ്മൻചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിലും യുഡിഎഫ് തോറ്റു. 9 സീറ്റ് നേടിയാണ് എൽഡിഎഫ് ഭരണം പിടിച്ചത്. ഉമ്മൻചാണ്ടിയുടെ വാര്‍ഡിൽ അടക്കം വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ യുഡിഎഫ് പുറകിലായിരുന്നു. ഏഴ് സീറ്റാണ് യുഡിഎഫിന് കിട്ടിയത്. രണ്ട് സീറ്റ് ബിജെപിക്കും കിട്ടി. കാൽ നൂറ്റാണ്ടിനിടെ ആദ്യമായാണ് പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് ഭരണം ഇടതുമുന്നണി പിടിച്ചെടുക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെയും തട്ടകത്തിൽ ഇടതു മുന്നണി ആധിപത്യം നേടിയിരുന്നു. കോട്ടയത്തെ കോട്ടകളിൽ ആകെ വലിയ ക്ഷീണമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ടത്. ജോസ് കെ മാണി വിഭാഗം കേരളാ കോൺഗ്രസിന്‍റെ മുന്നണി മാറ്റമാണ് പുതുപ്പള്ളി മണ്ഡഡലത്തിൽ അടക്കം യുഡിഎഫ് കോട്ടകളെ വിറപ്പിച്ചത്.
പട്ടാമ്പിയിൽ കോൺഗ്രസ് വിമതർ വിജയിച്ചതും യുഡിഎഫിന് തിരിച്ചടിയായി. പട്ടാമ്പി നഗരസഭയിൽ ആറ് പേരാണ് ഇങ്ങനെ വിജയിച്ചത്. ഇവർ ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതോടെ ഇടതുപക്ഷത്തിന് 16 സീറ്റാവും. യുഡിഎഫിന് ഇവിടെ 11 സീറ്റ് മാത്രമാണുള്ളത്. പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇടുക്കി ജില്ലാ പഞ്ചായത്ത് എൽഡിഎഫ് തിരിച്ചുപിടിച്ചതും യുഡിഎഫിന് തിരിച്ചടിയാണ്. എൽഡിഎഫിന് പത്തും യുഡിഎഫിന് ആറും സീറ്റാണ് ഇക്കുറി ഇടുക്കി ജില്ലാ പഞ്ചായത്തിൽ ലഭിച്ചത്.
തെരഞ്ഞെടുപ്പ് ഫലം യുഡിഎഫും കോൺഗ്രസും ഗൗരവമായി പരിശോധിക്കണമെന്ന് മുസ്ലീംലീഗം നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം വിവാദമായി നിന്നത് യുഡിഎഫിന് ക്ഷീണമായി എന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam