കണ്ണൂർ കോർപ്പറേഷനിലെ പരാജയം, എസ് ഡിപിഐ-സിപിഎം കൂട്ടുകെട്ട്;  പ്രതികരിച്ച് എംവി ജയരാജൻ

By Web TeamFirst Published Dec 16, 2020, 5:04 PM IST
Highlights

കാഞ്ഞിരക്കുരുവിൽ നിന്ന് മധുരം കിട്ടുമോ എന്ന പോലെയാണ് കെ സുധാകരനിൽ നിന്ന് നന്മ പ്രതീക്ഷിക്കുന്നതെന്നും ജയരാജൻ പരിഹസിച്ചു.

കണ്ണൂർ: കണ്ണൂർ മുഴപ്പിലങ്ങാട് എസ് ഡിപിഐ-സിപിഎം കൂട്ട് കെട്ടെന്ന കോൺഗ്രസ് ആരോപണം നിഷേധിച്ച് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മുഴപ്പിലങ്ങാട് ബിജെപിയാണ് എസ് ഡിപിഐക്ക് വോട്ട് മറിച്ചതെന്ന് ജയരാജൻ ആരോപിച്ചു. കോൺഗ്രസ് അപവാദ പ്രചാരണം നിർത്തണം. കാഞ്ഞിരക്കുരുവിൽ നിന്ന് മധുരം കിട്ടുമോ എന്ന പോലെയാണ് കെ സുധാകരനിൽ നിന്ന് നന്മ പ്രതീക്ഷിക്കുന്നതെന്നും ജയരാജൻ പരിഹസിച്ചു. നേരത്തെ കോൺഗ്രസ് എംപി കെ സുധാകരൻ മുഴപ്പിലങ്ങാട് എസ് ഡിപിഐ സിപിഎം കൂട്ടുണ്ടെന്നാരോപിച്ച് രംഗത്തെത്തിയിരുന്നു. 

അതേ സമയം കണ്ണൂർ കോർപ്പറേഷനിൽ എൽഡിഎഫിനുണ്ടായ പരാജയം തിരിച്ചടിയാണെന്നും പരാജയം പാർട്ടി ഗൗരമായി പരിശോധിക്കുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു. 55 അംഗ നഗരസഭയിൽ 34 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോൾ 19 ഇടത്ത് മാത്രമേ എൽഡിഎഫിന് നേട്ടമുണ്ടാക്കാൻ സാധിച്ചുള്ളൂ. ഒരിടത്ത് എൻഡിഎയും ഒരു സ്വതന്ത്രനും വിജയിച്ചു. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കോർപ്പറേഷനിൽ ഇത്തവണ വ്യക്തമായ ലീഡോടെയാണ് യുഡിഎഫ് അധികാരത്തിലെത്തുന്നത്.

 

click me!