
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥികളെ തീരുമാനിച്ച വാർഡുകളിൽ പ്രചാരണം സജീവമാക്കാൻ പാർട്ടികൾ. ഇനി സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള വാർഡുകളിൽ സ്ഥാനാർത്ഥി നിർണയത്തിനുള്ള ചർച്ചകൾ ഊർജ്ജിതമാക്കി പാർട്ടികളും മുന്നണികളും. തിരുവനന്തപുരം നഗരസഭയിൽ ഇനി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള സീറ്റുകളിൽ വേഗം സ്ഥാനാർഥി നിർണയം നടത്താനുള്ള ശ്രമത്തിലാണ് എൽഡിഎഫും ബിജെപിയും. പ്രഖ്യാപിച്ച സ്ഥാനാർഥികൾ വീടുകയറിയുള്ള വോട്ടഭ്യർഥന തുടരുകയാണ്. ത്രിതല പഞ്ചായത്ത് വാർഡുകളിലേക്കും നഗരസഭാ വാർഡുകളിലേക്കുള്ള കൂടുതൽ സ്ഥാനാർത്ഥികളെ പാർട്ടികൾ ഇന്ന് പ്രഖ്യാപിക്കും. തദ്ദേശതെരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും.
25 സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിക്കുമെന്നാണ് ഡിസിസി അറിയിച്ചിരിക്കുന്നത്. പഞ്ചായത്ത് തലത്തിലും ഭൂരിഭാഗം സ്ഥലത്തും സ്ഥാനാർത്ഥി നിർണയം പൂർത്തിയായെന്നും ഡിസിസി അറിയിച്ചു. വിജയസാധ്യത ഉറപ്പാക്കി വിമത ശല്യം ഇല്ലെന്ന് ഉറപ്പിച്ചാണ് പ്രതിപക്ഷ നേതാവിന്റെയും ജില്ല നേതാക്കളുടെയും നേതൃത്വത്തിൽ ചർച്ചകൾ. മേയർ സ്ഥാനത്തേക്ക് ആരേയും ഉയർത്തിക്കാട്ടേണ്ടന്ന ധാരണയിലാണ് കൊച്ചിയിലെ കോൺഗ്രസ്. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഉൾപ്പെടെ ഉള്ളവർ മത്സരിക്കും. മേയർ സ്ഥാനാർഥിയെ ഭൂരിപക്ഷം കിട്ടിയതിനുശേഷം പാർലമെൻററി പാർട്ടി യോഗം തീരുമാനിക്കും. മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ള ഒന്നിലേറെ വനിതാ നേതാക്കൾ മത്സരിക്കുന്നതിനാൽ തർക്കം ഒഴിവാക്കാൻ ആണ് ആരെയും ഉയർത്തി കാട്ടേണ്ട എന്ന് പൊതുധാരണ. 35 സീറ്റുകളിൽ കോൺഗ്രസിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ധാരണയായി. ആദ്യഘട്ട പ്രഖ്യാപനം ഇന്നുണ്ടാകും.
മേയർ സ്ഥാനാർത്ഥികളായി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, മഹിള കോൺഗ്രസ് നേതാവ് മിനി മോൾ എന്നിവരുടെ പേരുകൾക്കാണ് പ്രാമുഖ്യം. എന്നാൽ കന്നി മത്സരത്തിനിറങ്ങുന്ന ട്വന്റി 20 ഉയർത്തുന്ന വെല്ലുവിളികളെ സ്ഥാനാർത്ഥി മികവിലൂടെ മറികടക്കാനാണ് യുഡിഎഫ് ശ്രമം. സിപിഎം നാളെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam