ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നീക്കമുണ്ടായേക്കും. കടകംപള്ളി സുരേന്ദ്രനെതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി ആയുധമാക്കാൻ ആണ് പ്രതിപക്ഷ ശ്രമം

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിയമസഭയിൽ ഇന്ന് സർക്കാർ പ്രതിപക്ഷ പോരിന് സാധ്യത. സ്വർണ്ണക്കൊള്ള അടിയന്തര പ്രമേയേ നോട്ടീസ് ആയി കൊണ്ട് വരാൻ ആണ് പ്രതിപക്ഷ നീക്കം. അറസ്റ്റിൽ ആയവരുടെ സിപിഎം ബന്ധവും കടകംപള്ളി സുരേന്ദ്രനെതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയും ആയുധമാക്കാൻ ആണ് പ്രതിപക്ഷ ശ്രമം. പോറ്റി സോണിയ ഗാന്ധി കൂട്ടിക്കാഴ്ച്ച ഫോട്ടോ യും വാജി വാഹന കൈ മാറ്റവും ഭരണ പക്ഷം ഉന്നയിക്കും. ഇന്ന് ചോദ്യോത്തര വേള ഇല്ലാത്തതിനാൽ സഭ തുടങ്ങുന്ന 9 മണി മുതൽ പ്രക്ഷുബ്ധമായേക്കും. ഗവർണ്ണരുടെ നയ പ്രഖ്യാപന പ്രസംഗതിന് മേലുള്ള നന്ദി പ്രമേയേ ചർച്ചയും ഇന്ന് തുടങ്ങും.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്നലെ തള്ളി. ജസ്റ്റിസ് എ ബദറുദീനാണ് ഇന്ന് ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ട് വിധി പറഞ്ഞത്. ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നും, ഭരണപരമായ തീരുമാനം എടുക്കുകയും നടപ്പാക്കുകയും മാത്രമാണ് ചെയ്തത് എന്നാണ് പത്മകുമാറിന്റെയും, മുരാരി ബാബുവിന്റെയും വാദം. ശബരിമലയിലേക്ക് ഒരു കോടി നാല്‍പത് ലക്ഷം രൂപ സ്‌പോണ്‍സര്‍ ചെയ്തയാളാണ് താനെന്നും സ്വര്‍ണ്ണം കവര്‍ന്നെടുക്കേണ്ട കാര്യമില്ലെന്നുമാണ് നാഗ ഗോവര്‍ധന്‍ ഹൈക്കോടതിയെ അറിയിച്ചത്.

അതിനിടെ, ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യവ്യവസ്ഥയിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ദ്വാരപാലക ശിൽപ കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതോടെയാണ് സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കർശന ഉപാധികളോടെ കോടതി ജാമ്യം നൽകി. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നും ജാമ്യവ്യവസ്ഥകളിൽ പറയുന്നു. സാക്ഷികളെ സ്വാധീനിക്കരുത്. തെളിവ് നശിപ്പിക്കരുതെന്നും പാസ്പോർട്ട് ഹാജരാക്കണമെന്നുമാണ് ജാമ്യവ്യവസ്ഥ. അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം. കൂടാതെ എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണം. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ചെയ്യരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. എന്നാൽ, കട്ടിളപ്പാളി കേസിൽ റിമാൻഡിൽ തുടരുന്നതിന്നാൽ ജയിലിന് പുറത്തിറങ്ങാനാകില്ല. ഫെബ്രുവരി 1 ന് 90 ദിവസം പൂർത്തിയാകുന്നതോടെ കട്ടിളപ്പാളി കേസിലും പോറ്റി ജാമ്യ നീക്കം നടത്തും.