
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ സ്ഥാനാർത്ഥിക്കായി നേതാക്കൾ പൂരിപ്പിച്ച് നൽകിയ നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ. പോസ്റ്റർ അടിച്ച് പ്രചാരണം തുടങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പത്രിക നൽകാനായില്ല. പത്തനംതിട്ട കവിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ഇതോടെ യുഡിഎഫിന് സ്ഥാനാർത്ഥി ഇല്ല. ബിജെപിയെ സഹായിക്കാൻ ഒരു വിഭാഗം നേതാക്കൾ സ്വന്തം സ്ഥാനാർത്ഥിയുടെ കാലുവാരി എന്നാണ് ഉയരുന്ന ആക്ഷേപം. ബിജെപി ഭരിക്കുന്ന പഞ്ചായത്താണ് കവിയൂർ. ബിജെപി മണ്ഡലം പ്രസിഡന്‍റും എൻഎസ്എസ് കരയോഗം പ്രസിഡന്‍റുമാണ് എതിർ സ്ഥാനാർത്ഥി രാജേഷ് കുമാർ.
തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികളുടെ സൂക്ഷമപരിശോധന ഇന്ന്. ഇന്നലെ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ സംസ്ഥാനത്താകെ 1,64,427 പത്രികകളാണ് സമർപ്പിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിച്ചിരിക്കുന്നത്. 19, 959 പത്രികകളാണ് ജില്ലയിലാകെ ലഭിച്ചത്. പലയിടത്തും മുന്നണികൾക്ക് ഭീഷണിയായി വിമതർ രംഗത്തുണ്ട്. അതേസമയം, കണ്ണൂർ ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ രണ്ടു വാർഡുകളിലും, കണ്ണപുരം പഞ്ചായത്തിലെ രണ്ട് വാർഡുകളിലും സിപിഎമ്മിന് എതിരാളികളില്ല. പത്രിക പിൻവലിക്കാനുള്ള സമയ പരിധി തീരുന്നത് തിങ്കളാഴ്ചയാണ്.